സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളിലും നാളെ പത്തു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ടാണ്.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. പാലക്കാട്, വയനാട്, കാസര്‍ക്കോട് ഒഴികെ എല്ലാ ജില്ലകളിലും നാളെ ജാഗ്രതാ നിര്‍ദേശമുണ്ട്. ശക്തമോ അതിശക്തമോ ആയ മഴയ്ക്കും വേഗമേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ മഴ ലഭിക്കുന്നുണ്ട്. ഇത്തവണ ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് തന്നിട്ടുണ്ട്.

SHARE