കെവിന്റെ മരണം; ഭാര്യ നീനുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കോട്ടയം: കെവിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ തളര്‍ന്നുവീണ ഭാര്യ നീനുവിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയവിവാഹത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെയോടെ വീടാക്രമിച്ച് കെവിനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇന്ന് രാവിലെ കെവിന്റെ മൃതദേഹം തെന്മലയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ചാലിയക്കര തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കെവിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസിലാണ് കെവിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തിന് പിന്നില്‍ തന്റെ സഹോദരനാണെന്ന് കെവിന്റെ ഭാര്യ പറഞ്ഞതായി മലയാളത്തിലെ പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച് പോയ അക്രമിസംഘത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമായ അന്വേഷണത്തിന് പൊലീസ് തയ്യാറായിരുന്നില്ല. തട്ടിക്കൊണ്ടുപോയത് പുനലൂരിലേക്കായിരുന്നുവെന്ന് രക്ഷപ്പെട്ട സുഹൃത്ത് പൊലീസിന് വിവരം നല്‍കിയിരുന്നു. മാരകായുധങ്ങളുമായെത്തിയ പത്തംഗസംഘം വാഹനത്തില്‍വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും പെണ്‍കുട്ടിയെ തിരിച്ചെത്തിക്കണമെന്ന നിബന്ധനയോടെയാണ് വിട്ടയച്ചതെന്നും ഇയാള്‍ പറയുന്നു.

നേരത്തെ തന്റെ ഭര്‍ത്താവിനെ കാണാതായ പരാതി പൊലീസ് സ്വീകരിക്കുന്നില്ല എന്നാരോപിച്ച് വധു ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തിരക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹം മടങ്ങിയ ശേഷം അന്വേഷിക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നതെന്നും വധു പറയുന്നു. വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്.

SHARE