സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതിയെ കോടതിയില്‍ നിന്ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി

എടയാര്‍ സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതിയെ ആലുവ കോടതിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി. തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം കാറില്‍ കയറ്റി കൊണ്ടുപോയത്. എന്നാല്‍ ആലുവപെരുമ്പാവൂര്‍ റൂട്ടിലെ കുട്ടമശ്ശേരിയില്‍വെച്ച് പോലീസ് ഇവരെ പിടികൂടി.കഴിഞ്ഞ ദിവസം ജമാലും തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ളവരുമായി അടിപിടി നടന്നിരുന്നു. ജമാല്‍ ഇന്ന് ആലുവ കോടതിയില്‍ ഹാജരാകുമെന്നറിഞ്ഞ സംഘം ഇയാളെ പിടികൂടി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഫ്‌ലൈയിങ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പോലീസ് സന്നാഹങ്ങള്‍ സംഘത്തെ പിന്തുടര്‍ന്നു. വയര്‍ലെസ്സിലൂടെ വാഹനത്തിന്റെ വിവരങ്ങളും മറ്റും കൈമാറുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, കുട്ടമശ്ശേരി ഭാഗത്തുവെച്ച് ആലുവ ഡിവൈഎസ്പി ജി.വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടുകയുമായിരുന്നു.

എന്നാല്‍, ജമാലിനെ തട്ടിക്കൊണ്ടുപോയതല്ല അടിപടിയുമായി ബന്ധപ്പെട്ട കേസില്‍ തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതാണെന്നാണ് അഞ്ചംഗ സംഘത്തിന്റെ വാദം.പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

SHARE