യു.പി പൊലീസിനെ വിശ്വസിച്ച കുടുംബത്തിന് നഷ്ടമായത് 30 ലക്ഷം രൂപ

കാണ്‍പുര്‍ : ഉത്തര്‍പ്രദേശില്‍ 29കാരനെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായ 30 ലക്ഷം രൂപ കൂടി തട്ടിയെടുത്തു മുങ്ങിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നു ബന്ധുക്കളുടെ പരാതി. യുവാവ് ഇപ്പോഴും അക്രമികളുടെ പിടിയിലാണ്. പൊലീസിന്റെ വാക്കു വിശ്വസിച്ച് ഉള്ളതെല്ലാം വിറ്റുപെറുക്കി പണം സ്വരൂപിച്ച കുടുംബാംഗങ്ങള്‍ ഇപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

കാണ്‍പുരില്‍ ലബോറട്ടറി നടത്തുന്ന യുവാവിനെയാണ് ജൂണ്‍ 22ന് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. തട്ടിക്കൊണ്ടുപോയതിനു ശേഷം അക്രമി സംഘത്തിലെ ഒരാള്‍ 15 തവണ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ യുവാവിനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാരാ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അക്രമിസംഘം ആവശ്യപ്പെട്ട 30 ലക്ഷം രൂപ ഒരുക്കിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

അക്രമി സംഘത്തിനു തിങ്കളാഴ്ച പണം കൈമാറണമെന്നും സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കി അക്രമികളെ പിടികൂടുമെന്നും പൊലീസുകാര്‍ കുടുംബത്തിന് ഉറപ്പുനല്‍കി. എന്നാല്‍ തിങ്കളാഴ്ച പൊലീസ് പറഞ്ഞതു പോലെയല്ല കാര്യങ്ങള്‍ നടന്നത്. പണം കൈമാറുന്നതിനു മുന്‍പ് 30 മിനിറ്റോളം അക്രമി സംഘം യുവാവിന്റെ പിതാവുമായി സംസാരിച്ചു. ഒരു മേല്‍പ്പാലത്തില്‍നിന്ന് താഴെയുള്ള റോഡിലേക്കു പണമടങ്ങിയ ബാഗ് വലിച്ചെറിയാന്‍ അവര്‍ പിതാവിനോട് ആവശ്യപ്പെട്ടു. ബാഗുമായി അക്രമികള്‍ കടന്നുകളഞ്ഞിട്ടും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ക്ക് അവരെ പിടികൂടാന്‍ കഴിഞ്ഞില്ല. പണം ലഭിച്ചിട്ടും യുവാവിനെ വിട്ടു നല്‍കാന്‍ അക്രമികള്‍ ഇതുവരെ തയാറായിട്ടുമില്ല.

വീട്ടിലുണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ വിറ്റാണ് അത്രയും പണം കണ്ടെത്തിയതെന്നും ഇടത്തരം കുടുംബമാണ് തങ്ങളുടേതെന്നും യുവാവിന്റെ സഹോദരി പറഞ്ഞു. സംഭവത്തില്‍ പ്രതിപക്ഷത്തുനിന്നു രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. നിരാലംബരായ കുടുംബാംഗങ്ങള്‍ വിവരം അറിയിച്ചിട്ടും അക്രമികളെ രക്ഷിക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

SHARE