ജി 20 വിര്‍ച്വല്‍ ഉച്ചകോടി : കൊറോണ പ്രതിസന്ധി അതിജീവിക്കാന്‍ ആഗോള ഐക്യം അനിവാര്യം; സല്‍മാന്‍ രാജാവ്

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കൊറോണ കോവിഡ് 19 വൈറസിനെ നേരിടാന്‍ ആഗോള ഐക്യം അനിവാര്യമാണെന്നും ലോക രാജ്യങ്ങളുടെ ഫലപ്രദമായ സഹകരണം ഉണ്ടാവണമെന്നും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ആഗോള തലത്തില്‍ കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജി 20 രാജ്യങ്ങളുടെ അടിയന്തര വിര്‍ച്വല്‍ ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തിരുഗേഹങ്ങളുടെ സേവകന്‍ കൂടിയായ സല്‍മാന്‍ രാജാവ്. വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി നടക്കുന്ന ഉച്ചകോടിയില്‍ ജി 20 അംഗരാജ്യങ്ങളുടെ ഭരണാധികാരികളും പ്രതിനിധികളും ധനകാര്യമന്ത്രിമാരും സാമ്പത്തിക വിദഗ്ദരും പങ്കെടുക്കുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ മുന്കാലങ്ങളിലും ജി 20 കൂട്ടായ്മ മികവ് തെളിയിച്ചിട്ടുണ്ടെന്നും കൊറോണ ഭീഷണിയും ദൈവാനുഗ്രഹത്താല്‍ അതിജീവിക്കാനും ആരോഗ്യവും സമൃദ്ധിയുമുള്ള ഭാവിക്കായി കരുത്ത് പകരാനും സാധിക്കുമെന്നും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു .വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്നുണ്ട്.

കോവിഡ് 19 ലോകത്തുണ്ടാക്കുന്ന കടുത്ത പ്രതിസന്ധിയെ ഒറ്റകെട്ടായി അതിജീവിക്കാന്‍ സാധിക്കുമെന്നും ലോകരാഷ്ട്രങ്ങള്‍ യോജിച്ച മുന്നേറ്റം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാമാരിയെ തുടര്‍ന്ന് ആഗോള തലത്തിലുണ്ടായിട്ടുള്ള ആരോഗ്യ സാന്പത്തിക മേഖലകളിലെ തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ ഐക്യത്തോടെയുള്ള നീക്കങ്ങള്‍ അനിവാര്യമാണ്. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും സന്പദ്‌വ്യവസ്ഥയും നേരിടുന്ന വെല്ലുവിളികളെ ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണം. പ്രതിസന്ധിയില്‍ പെട്ട ചരക്കുകളും സേവനങ്ങളും സാധാരണഗതിയിലേക്ക് തിരിച്ചു കൊണ്ടുവന്ന് ആഗോള സന്പദ് വ്യവസ്ഥയെ പഴയ രൂപത്തിലാക്കാന്‍ സാധിക്കണം

കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനാവശ്യമായ ഗവേഷണം നടത്താന്‍ ആഗോള രാജ്യങ്ങള്‍ ഉത്തരവാദിത്വം നിര്‍വഹിക്കണം. ഇത് വികസിപ്പിക്കാനാവശ്യമായ സഹായം നല്‍കണം.ഇക്കാര്യത്തില്‍ ജി 20 രാജ്യങ്ങള്‍ ലോകാരോഗ്യ സംഘടനക്കാവശ്യമായ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഇപ്പോള്‍ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി അലങ്കരിക്കുന്ന സഊദിയുടെ ഭരണാധികാരി ഉറപ്പ് നല്‍കി.

SHARE