സംഘപരിവാര്‍ സൃഷ്ടിക്കുന്ന മുസ്‌ലിം വിരുദ്ധതയുടെ പ്രചാരകരായി സി.പി.എം മാറുന്നു: കെ.എം ഷാജി

കോഴിക്കോട്: സംഘപരിവാര്‍ സൃഷ്ടിക്കുന്ന മുസ് ലിം വിരുദ്ധതയുടെ പ്രചാരകരായി സി.പി.എം മാറുകയാണെന്ന് കെ.എം ഷാജി എം.എല്‍.എ. ടി.പി വധക്കേസ്സിലെ ‘മാഷാ അള്ളാഹ്’ സ്റ്റിക്കര്‍ മുതല്‍ ഗെയില്‍, നാലുവരിപ്പാത, മലപ്പുറത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള മുസ്ലിം വിരുദ്ധ പരാമര്‍ശം, ഏറ്റവുമൊടുവില്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ പേരില്‍ വടകര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്റെ മുസ്‌ലിം സ്വത്വത്തിനെതിരെയുള്ള സി.പി.എം നേതാവ് ഭാസ്‌കരന്റെ കൊലവിളി പ്രസംഗമടക്കം ഇതിന് ഉദാഹരണമാണെന്നും കെ.എം ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഏതൊരു വിഷയവും അതിന്റെ മെറിറ്റിൽ ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ലൊരു ഉപാധിയാണ് ഇസ്ലാം ഭീതി എന്നത്. ടി പി വധക്കേസ്സിലെ ‘മാഷാ അള്ളാഹ്’ സ്റ്റിക്കർ മുതൽ ഗെയിൽ, നാലുവരിപ്പാത, മലപ്പുറത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള മുസ്ലിം വിരുദ്ധ പരാമർശം, ഏറ്റവുമൊടുവിൽ, ഒദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ പേരിൽ വടകര പോലീസ് സബ് ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ മുസ്ലിം സ്വത്വത്തിനെതിരെയുള്ള സിപിഎം നേതാവ് ഭാസ്കരന്റെ കൊലവിളി പ്രസംഗമടക്കം ഇത്തരത്തിലുള്ളതാണ്. വിജയരാഘവനും കടകംപള്ളി സുരേന്ദ്രനും പി മോഹനനും ഭാസ്കരനുമുൾപ്പെടെ നേരത്തെ അച്യുതാനന്ദനടക്കമുള്ളവർ സമീപഭൂതകാലത്തെ സി പി എം മുന്നോട്ട് വെക്കുന്ന ഈ മനോഭാവത്തിന്റെ നിദർശനങ്ങളാണ്. സംഘ് പരിവാർ നരേറ്റീവിന് ഔദ്യോഗിക സാധുത നിർമ്മിച്ച് നൽകുന്ന ഈ മുസ്ലിം ഹേറ്റേഴ്സ് അമ്പരപ്പിക്കുന്ന തരത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നാവായി മാറുന്നതിന്റെ രഹസ്യം പുതിയ കാലത്ത് സംഘ്പരിവാർ പ്രിവിലേജ് പട്ടികയിൽ ഒന്നാമതെത്തുക എന്നത് കൂടിയാണ്.

മാവോയിസ്റ്റുകൾക്ക് പിറകിൽ മുസ്ലിം തീവ്രവാദികളാണെന്ന പി മോഹനന്റെ വന്യഭാവന എത്രമേൽ വിഷല്പിതമാണ്.ഏതെങ്കിലും സംഘടനകളിലൊന്നിനെ പറയുന്നത് പോലെയല്ല, ഒരു മതത്തെ ഒന്നടങ്കം തീവ്രവാദി എന്നാക്ഷേപിക്കുന്നത്. ഒരു സംഹിതയെ അങ്ങേയറ്റം നിരുത്തരവാദപരമായി മാവോയിസ്റ്റുകൾക്ക് പിറകിൽ പ്രവർത്തിക്കുന്ന തീവ്രവാദികളാക്കി ചിത്രീകരിക്കാൻ മോഹനൻ ഉപയോഗിച്ച സംജ്ഞ തന്നെ അങ്ങേയറ്റം അപകടകരമാണ്. ഇപ്പോഴത്തെ കണ്ടുപിടുത്തം ഇതിന് പിറകിൽ എസ്ഡിപിഐ ആണെന്നാണ്. അങ്ങനെയെങ്കിൽ ആഭ്യന്തര മന്ത്രിയുടെ ആത്മസുഹൃത്തായ മോഹനൻ ഈ ഇൻഫർമേഷൻ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളല്ലേ അയാൾ വ്യക്തമാക്കേണ്ടത്. അതല്ലാതെ മോഹനന്റെ മനസ്സിൽ വിരിഞ്ഞ ഇസ്ലാമോഫോബിക് തിരക്കഥ യുഎപിഎ അടക്കമുള്ള വിഷയങ്ങളെ വഴി തിരിച്ചുവിടാൻ ഉപാധിയാക്കുകയാണോ ചെയ്യേണ്ടിയിരുന്നത്.?

മാവോയിസ്റ്റുകൾ ഏതെങ്കിലുമൊരു തത്വസംഹിതയുമായി പ്രത്യക്ഷമായ ബന്ധം പുലർത്തുന്നുണ്ടെങ്കിൽ അത് മോഹനന്റെ പാർട്ടിയായ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുമായാണ്. അത് വിഭാവനം ചെയ്യുന്ന അശാസ്ത്രീയ സങ്കല്പങ്ങൾ സാധ്യമാക്കാൻ കളി തോക്കുമായി ഇറങ്ങിയിരിക്കുന്ന സ്വപ്നലോകത്തെ കോമാളികളാണവർ.ഇവർക്കൊപ്പം മുസ്ലിം ഭീതി കൂടി സമം ചേർത്താൽ കിട്ടുന്ന സാധ്യതയുടെ വലിയ രസതന്ത്രമുണ്ട്.മോഹനനെ പോലുള്ളവർ കണ്ണ് വെക്കുന്നതും കുമ്മനത്തെ പോലെയുള്ളവർ അതിനെ അഭിവാദ്യം ചെയ്യുന്നതും എന്തിനാണെന്ന് തിരിച്ചറിയാൻ മുസ്ലിം സഖാക്കളൊഴികെയുള്ളവർക്ക് മിനിമം സെൻസ് മതി. മാർക്സിസ്റ്റു പാർട്ടിക്കാരെ പോലും റിക്രൂട്ട് ചെയ്യുന്ന തീവ്രവാദത്തിന്റെ കേന്ദ്രമായി കേരളം മാറിയെന്ന് ഭരിക്കുന്ന പാർട്ടിയിലെ മോഹനനെ പോലെയുള്ള ദുരന്തങ്ങളാണ് നിലവിളിക്കുന്നത് എന്നോർക്കുക. മോദിയുടെ ഭരണത്തിന് തീവ്രതയില്ലെന്ന് സാക്ഷി മഹാരാജ് പറയുന്നത് പോലെയൊരു അസംബന്ധം.

സ്വന്തം തത്വസംഹിതയുടെ പിടിപ്പുകേടുകൾകൊണ്ട് ആളുകൾ വഴി തെറ്റുമ്പോൾ അതിന് പിറകിലെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കാനാണ് മാർക്സിസ്റ്റു പാർട്ടി ശ്രമിക്കേണ്ടത്. അവിടെയും സാഹചര്യത്തിന് ഒട്ടും യോജിക്കാത്ത ഇസ്ലാമോഫോബിയയുടെ സാധ്യതകൾ തിരയുന്ന മനോരോഗികളെയാണ് സിപിഎം തലോടി വളർത്തുന്നത്. ഒരു കൗൺസിലിംഗ് നൽകിയാൽ തീരാവുന്ന പ്രശ്നമേ മാവോയിസ്റ്റുകൾക്കൊള്ളൂവെന്ന് പലരും പറയാറുണ്ട്. പക്ഷേ, വിജയരാഘവനും മോഹനനും ഭാസ്കരനുമൊക്കെ ഉൾപ്പെടുന്നവരുടെ വർഗ്ഗീയ അസ്കിതക്കു ഏത് തരം മനോരോഗ ചികിത്സയാണ് നിങ്ങൾക്ക് നിർദേശിക്കാനാവുക?

എല്ലാത്തിനും മറുപടി പറയേണ്ട ബാധ്യതയുണ്ട്. കാരണം എന്റേതൊരു മുസ്ലിം സ്വത്വമാണെന്ന യു എസ് ഡമോക്രാറ്റിക് പാർട്ടി പ്രതിനിധി ഇൽഹാൻ ഒമറിന്റെ സംഭാഷണം ഓർത്ത് പോവുകയാണ്. സമകാലിക പ്രശ്നവത്കരണങ്ങളിൽ സകല മനോരോഗികളെയും അഡ്രെസ്സ് ചെയ്യുന്ന വാക്കുകളാണത്.

SHARE