അഴിമതിയെക്കുറിച്ച് അറിയാന്‍ പോലും കഴിയാത്ത തരത്തില്‍ ഗതാഗത മന്ത്രിയെ മുഖ്യമന്ത്രി മൂകനാക്കി; കെ.എം ഷാജി

കോഴിക്കോട്: എല്ലാ മന്ത്രിമാരെയും നിശ്ചലമാക്കിയാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമെന്നും അതുകൊണ്ടാണ് വന്‍ അഴിമതികള്‍ മറ്റു മന്ത്രിമാര്‍ അറിയാതിരിക്കുന്നതെന്നും കെ.എം ഷാജി എം.എല്‍.എ. കോഴിക്കോട് ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ കെ.എച്ച്.എസ്.ടി.യു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയെക്കുറിച്ച് അറിയാന്‍ പോലും കഴിയാത്ത തരത്തില്‍ ഗതാഗത മന്ത്രിയെ മുഖ്യമന്ത്രി മൂകനാക്കി. 4500 കോടിയുടെ ഇടപാട് അറിയാത്ത ഉണ്ണാക്കനായ മന്ത്രിയാണ് എ.കെ ശശീന്ദ്രനെന്നും ഷാജി പറഞ്ഞു.

ഇമൊബിലിറ്റി കണ്‍സള്‍ട്ടന്‍സ് കമ്പനിയുടെ ഡയരക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ മകളുമായി നല്ല ബന്ധമുണ്ട്. അത് അവര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മകളെ ഉപയോഗിച്ച് മുഖ്യമന്ത്രി അഴിമതിക്ക് കോപ്പുകൂട്ടുകയാണെന്നും ഷാജി ആരോപിച്ചു. കേരളത്തിലുള്ള മന്ത്രിസഭയല്ല. തള്ള് സഭയാണ്. അഴിമതിക്കുള്ള പരമാവധി സാധ്യതകളെയും ഉപയോഗപ്പെടുത്തുകയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപാട് നടത്തുന്നതു കൊണ്ടാണ് തെളിയിക്കപ്പെടാത്തത്. ദുരിതാശ്വാസനിധിയില്‍ വന്ന കോടിക്കണക്കിന് രൂപയുടെ കണക്കു പോലും സര്‍ക്കാരിന് അവതരിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ഷാജി പറഞ്ഞു.