കെ.എം.സി.സി, അടുത്തറിഞ്ഞ നന്മയുടെ മഹാവൃക്ഷം

സുരേഷ് കുമാര്‍, അഴീക്കോട്
എട്ട് വര്‍ഷമായി റമസാനില്‍ ദുബൈയിലായിരുന്നു ഞാന്‍. അടുത്തറിഞ്ഞും അനുഭവിച്ചറിഞ്ഞതുമാണ് പ്രവാസലോകത്ത് കെഎംസിസിയുടെ കനിവും കരുതലും. ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ കോവിഡ് വ്യാപനത്തില്‍ കുടുങ്ങി തിരിച്ച് പോകാന്‍ സാധിക്കാത്തവരില്‍ ഒരാളാണ് ഞാന്‍. ഇത്തവണ റമസാനില്‍ ദുബൈയില്‍ ഇല്ലാതെപോയതിന്റെ നിരാശ വല്ലാതെ അലട്ടുന്നുണ്ട് ഉള്ളമാകെ.
അഴീക്കോട് ഹില്‍ടോപ്പ് റോഡിലെ ചേനമ്പേത്ത് ഹൗസിലിരിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള ഓരോന്നും മനസിലേക്കോടിയെത്തുന്നുണ്ട്. ഇതിലേറെയും കെഎംസിസിയുടെ നന്മകളും കരുതലുമാണ്.
ഓര്‍ത്തെടുക്കാന്‍ സമ്പന്നമായ കുറെ നല്ല ഓര്‍മകളുണ്ട്. അറബിനാട്ടിലെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ പ്രവാസികളായ ഞങ്ങള്‍ക്ക് ഓരോ റമസാനും മറക്കാനാകാത്ത അനുഭവങ്ങളുടെയും കാലമാണ്. റമസാനിലും അല്ലാതെയും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മലയാളി സംഘടനകളുണ്ട് യുഎഇയില്‍. കൂട്ടത്തില്‍ ആദ്യം ഓര്‍മയിലെത്തുന്നത് ദേര അല്‍ബരാഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുബൈ കെഎംസിസിയെ കുറിച്ചാണ്.
ഓരോ വര്‍ഷവും നൂറുകണക്കിന് കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഗള്‍ഫ് നാടുകളില്‍ കെഎംസിസി ചെയ്തുകൊണ്ടിരിക്കുന്നത്. അമേരിക്കയും യൂറോപ്പും ഏഷ്യന്‍ രാജ്യങ്ങളും ഒരു വൈറസിന്റെ മാരക പ്രഹര ശേഷിക്ക് മുന്നില്‍ ആടിയുലയുമ്പോള്‍, കോവിഡിനെ പിടിച്ചുകെട്ടാന്‍ ഗള്‍ഫ് മേഖലയിലെ നിസ്തുല പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ വീക്ഷിക്കുകയാണല്ലോ. കഴിഞ്ഞ വര്‍ഷത്തെ റമസാന്‍ മാസമാണ് ഓര്‍മകളുടെ വേലിയേറ്റം സൃഷ്ടിക്കുന്നത്. ഓരോ വര്‍ഷവും പുണ്യം നിറഞ്ഞ ദിനങ്ങളില്‍ കെഎംസിസി ഒരുക്കുന്ന ഇഫ്താര്‍ ടെന്റുകള്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയ കാരുണ്യ പ്രവര്‍ത്തനമാണ്. ത്യാഗത്തിന്റെയും മനുഷ്യത്വത്തിന്റെയും സുഗന്ധം പരന്നൊഴുകിയ 30 ദിനരാത്രങ്ങള്‍.. മിക്ക ദിവസങ്ങളിലും ആ ടെന്റുകളിലേക്ക് പോകുന്ന ഒരാളെന്ന നിലയില്‍ പറയട്ടെ, ഇസ്‌ലാം പഠിപ്പിക്കുന്ന മത സാഹോദര്യത്തിന്റെയും മാനവികതയുടെയും സമത്വത്തിന്റെയും തിളങ്ങുന്ന പ്രവര്‍ത്തനമാണ് അവിടെ കണ്ടത്.
ഇഫ്താര്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സമീപത്തെ പെട്രോള്‍ പമ്പ് വരെ നീളുന്ന മനുഷ്യനിര പലപ്പോഴും അരകിലോമീറ്ററോളം ഉണ്ടാകും. ഇന്ത്യക്കാരെ കൂടാതെ പാക്കിസ്താനിയെയും നേപ്പാളിയെയും ആഫ്രിക്കക്കാരനെയും ഈ നിരയില്‍ കാണാം. ദിവസേന 1500ലധികം പേര്‍ എത്തുന്നതില്‍ നല്ലൊരു വിഭാഗവും അന്യ മതസ്ഥരായിരിക്കും. യുഎഇയുടെ പല ഭാഗങ്ങളിലുള്ള തൊഴിലാളികള്‍, ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍, ദിവസ വേതനക്കാര്‍, ഓഫീസ് ജോലി ചെയ്യുന്നവര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ എന്നും സായന്തനങ്ങളില്‍ അവിടെ ഒത്തുകൂടും.
സമ്പന്നനും ദരിദ്രനും അവിടെ ഒരേ പായയില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഇസ്‌ലാം പരിശീലിപ്പിച്ച ‘തുല്യത’ സങ്കല്‍പ്പം പൂവണിയുകയായിരുന്നു. നോമ്പെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒരേ പരിഗണനയാണവിടെ. ടെന്റിലേക്ക് വരുന്നവരുടെ രാജ്യമോ മതമോ ആരും ആരോടും ചോദിച്ചില്ല. മുസല്‍മാനോടൊപ്പം ഹൈന്ദവനും ക്രൈസ്തവനും ആ സ്‌നേഹ സംരക്ഷണത്തിന്റെ രുചിയേറ്റുവാങ്ങി.
അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് അഹോരാത്രം ജോലി ചെയ്യുന്ന കെഎംസിസിയുടെ കര്‍മനിരതരായ വളണ്ടിയര്‍മാരുടെ അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനവും എടുത്ത് പറയേണ്ടത് തന്നെയാണ്. പ്രത്യേക യൂണിഫോമണിഞ്ഞ ആ യുവനിരയില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള അച്ചടക്കമുള്ള പ്രവര്‍ത്തകരുണ്ടായിരുന്നു. ഇഫ്താറില്‍ വിളമ്പാനുള്ള സ്വാദിഷ്ടമായ ബിരിയാണി കൂടാതെ കാരക്കയും പഴവര്‍ഗങ്ങളും രണ്ട് തരം ജ്യൂസുകളും കൃത്യമായ അളവില്‍ തന്നെ ഒരുക്കിയിരിക്കുന്നതും കണാനായി.
മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയോ ചൂടിന്റെ കാഠിന്യമോ വളണ്ടിയര്‍മാരെ അലട്ടിയില്ല. എല്ലാ കാര്യങ്ങള്‍ക്കും ചിട്ടയായ ഒരുക്കവും കൃത്യമായ വിന്യാസവും. എല്ലാറ്റിനുമുപരി കെഎംസിസിയെന്ന വലിയ വൃക്ഷത്തിന്റെ സംഘാടനത്തിലുള്ള പരിചയസമ്പന്നരായ നേതൃത്വത്തെയും കാണാന്‍ സാധിച്ചു.
ടെന്റില്‍ എത്ര തിരക്കുണ്ടായാലും ഒരാള്‍ പോലും ഭക്ഷണം കഴിക്കാതെ അവിടെ നിന്ന് പോകാറില്ല. ഒരാള്‍ക്കുമുണ്ടാകാറില്ല പരാതി. നോമ്പ് തുറക്ക് 15 മിനുട്ട് മുമ്പ് തുടങ്ങുന്ന ആത്മീയ പ്രഭാഷണവും കൂടാരത്തിന്റെ മറ്റൊരു ഭാഗത്തുണ്ടാകും. ജീവിത വിജയത്തെ കുറിച്ചുള്ള ഗൗരവതരമായ ഇത്തരം ചര്‍ച്ചകളില്‍ വിവിധ സാമൂഹിക മേഖലകളിലെ ഇതര മത നേതാക്കളും പങ്കെടുക്കും. തിരിച്ച് കെഎംസിസിയുടെ പടികള്‍ ഇറങ്ങുമ്പോള്‍ വീണ്ടും ഒരു സുലൈമാനി ചായയുമായി ഒരു പ്രവര്‍ത്തകന്‍ ഓടിവന്ന് ഇത് കുടിക്കൂ സുഹൃത്തേ എനിക്ക് നേരെയും നീട്ടി. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന അതിഥി സല്‍ക്കാരത്തിന്റെ ഊഷ്മളത അനുഭവിച്ചറിയുകയായിരുന്നു അവിടെ ഞാന്‍.

SHARE