കോവിഡ് പ്രതിരോധം:മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കെ എന്‍ എം ഇരുപതുലക്ഷം നല്‍കി

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടിലേക്ക് കെ എന്‍ എം ഇരുപതുലക്ഷം രൂപ ആദ്യ ഗഡുവായി നല്‍കിയെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി അറിയിച്ചു.
ഇതരസംസ്ഥാനങ്ങള്‍ക്കും ലോകത്തിനു തന്നെയും മാതൃകയാക്കാവുന്ന തരത്തിലാണ് സര്‍ക്കാരും സന്നദ്ധസംഘടനകളും കോവിഡിനെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നിട്ടുള്ളത്. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു നിന്നാണ് മഹാമാരിയെ തുരത്താന്‍ ശ്രമിക്കുന്നത് .സര്‍ക്കാര്‍ അനുമതിയോടെ സന്നദ്ധ സംഘടനകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും ടി പി അബ്ദുല്ലക്കോയമദനി ആവശ്യപ്പെട്ടു.

കെ എന്‍ എം നു കീഴിലുള്ള നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് വിട്ടു നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെ എന്‍ എം പോഷക ഘടകമായ ഐ എം ബി യുടെ നേതൃത്വത്തില്‍ പി പി ഇ കിറ്റുകള്‍ വിതരണം ചെയ്യാനും മറ്റു മെഡിക്കല്‍ സഹായം നല്‍കാനും വിപുലമായ പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവജന വിഭാഗമായ ഐ എസ് എം നു കീഴില്‍ സര്‍ക്കാര്‍ അനുമതിയോടെ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നു.ഓണ്‍ലൈനായി ബോധവല്‍ക്കരണവും നടന്നു കൊണ്ടിരിക്കുന്നു.കോവിഡ് 19 നെ പിടിച്ചുകെട്ടാന്‍ സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കുകയും സാധ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്യണമെന്നും ടി പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു

SHARE