13 കോടിയുടെ തട്ടിപ്പ് കേസ്: മകന്‍ പ്രതികരിക്കുമെന്ന് കൊടിയേരി

13 കോടിയുടെ തട്ടിപ്പ് കേസ്: മകന്‍ പ്രതികരിക്കുമെന്ന് കൊടിയേരി

തിരുവനന്തപുരം: മകനെതിരെയുള്ള തട്ടിപ്പ് ആരോപണത്തില്‍ മകന്‍ ബിനോയ് പ്രതികരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മകനു തെറ്റുപറ്റിയിട്ടില്ലെന്ന് കൊടിയേരി പറഞ്ഞു. ഏതെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് സഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. ഉയര്‍ന്നുവന്ന ആരോപണം പാര്‍ട്ടിക്കെതിരായ ഗുഢാലോചനയായി കാണുന്നില്ല. വിഷയത്തില്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും കൊടിയേരി വ്യക്തമാക്കി.

അതേസമയം, കൊടിയേരി ബാലകൃഷ്ണന്‍ പ്രതിരോധത്തിലാണ്. ദുബായില്‍ 13 കോടി രൂപ വെട്ടിച്ചുവെന്ന പരാതിയുമായി ദുബായ് കമ്പനിയാണ് രംഗത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണം ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ആരോപണം ഗൗരവതരമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും അടിയന്തിര നടപടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിയമനടപടിക്ക് മുന്നോടിയായി പാര്‍ട്ടി തലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹവും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും കമ്പനിയുടെ അക്കൗണ്ടില്‍നിന്നു വാങ്ങിയ ശേഷം കോടിയേരിയുടെ മകന്‍ മുങ്ങിയെന്നാണ് കമ്പനി ആരോപിക്കുന്നത്. 2016 ജൂണ്‍ ഒന്നിനു മുന്‍പ് പണം തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന 2,09,704 ദിര്‍ഹവും ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. ഇതുമായി ബന്ധപ്പെട്ട് കൊടിയേരിയുമായി ചിലര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കാര്യങ്ങള്‍ രമ്യതയിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് കമ്പനി നിയമനടപടികളിലേക്ക് പോകുന്നത്. അതേസമയം, ബിനോയിക്കെതിരെ അഞ്ചു ക്രിമിനല്‍ കേസുകള്‍കൂടി ദുബായിലുണ്ടെന്നും കമ്പനി ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY