സങ്കടം കരകവിഞ്ഞ് ഇരുവഴിഞ്ഞി; ആഷിഖ് മറ്റൊരു ‘മൊയ്തീന്‍’

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ കുത്തൊഴുക്കില്‍ സ്വന്തം ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിച്ച് മരിക്കാത്ത ഓര്‍മ്മയായി മാറിയവരുടെ പട്ടികയില്‍ ഒരാള്‍ കൂടി, ആഷിഖ് സുഹൈല്‍. ഇരുവഴിഞ്ഞിയിലെ മറ്റൊരു ‘മൊയ്തീന്‍’. ഇരുവരുടെയും ജീവിതത്തിലും അന്ത്യയാത്രയിലും സമാനതകളേറെ. 1982 ജൂലായ് 15 ന് കൊടിയത്തൂര്‍ തെയ്യത്തുംകടവിലുണ്ടായ തോണിയപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയായിരുന്നു മൊയ്തീന്റെ അന്ത്യം. കൊണ്ടോട്ടി സ്വദേശിയായ ആഷിഖിന്റെ അന്ത്യവും സമാനം തന്നെ.
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും സഹപ്രവര്‍ത്തകരുമടക്കം ആറുപേര്‍ ഓണാവധിക്ക് മലനിരകള്‍ കാണാനും ഇരുവഴിഞ്ഞിപ്പുഴയുടെ ഭംഗി ആസ്വദിക്കാനും എത്തിയതായിരുന്നു. കുളി കഴിഞ്ഞു കയറുമ്പോള്‍ സ്ഥാപനത്തിന്റെ ഉടമ മുജീബ് ഒഴുക്കില്‍ പെട്ടു. ഉടനെ ആഷിഖും മറ്റു രണ്ടു പേരും എടുത്തു ചാടി. രണ്ടുപേര്‍ മുജീബിന്റെ കൈ പിടിച്ചു. ആഷിഖ് മൂവരെയും പിറകില്‍നിന്നു തള്ളി കരയിലെത്തിച്ചു. പക്ഷേ, മൂവരെയും തള്ളി നീക്കി കരയില്‍ എത്തിച്ചപ്പോഴേക്ക് പിറകിലുള്ള ആഷിഖ് കരപറ്റാന്‍ കഴിയാത്ത വിധം തളര്‍ന്നു പോയിരുന്നു. ഉറക്കെയൊന്നു നിലവിളിക്കാന്‍ പോലും കഴിയാതെ അവന്‍ വെള്ളത്തില്‍ താഴ്ന്നുപോവുകയായിരുന്നുവെന്ന് പതങ്കയത്തു വെച്ച് തെരച്ചിലിനിടെ ആഷിഖിന്റെ അമ്മാവന്‍ കരീം സങ്കടപ്പെട്ടിരുന്നു.
ആഷിഖിന്റെ മാതാവ് സാജിദ സംഭവം അറിഞ്ഞതോടെ തളര്‍ന്ന് കട്ടിലില്‍ വീണതാണ്, ഇടയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. പിതാവ് അബ്ദുല്‍ അസീസ് തന്റെ മകനെക്കുറിച്ച് ഇടക്കിടെ അന്വേഷിക്കുന്നുണ്ട്. കുടുംബത്തിലെ മുഴുവന്‍ ആളുകളും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്. എല്ലാരും പ്രാര്‍ഥിക്കുക എന്നായിരുന്നു അന്വേഷണങ്ങള്‍ക്ക് കരീമിന്റെ മറുപടി. മരണാന്തര ചടങ്ങുകള്‍ നടത്താന്‍ മയ്യത്തെങ്കിലും കിട്ടണേ എന്നായിരുന്നു അവസാന പ്രാര്‍ഥന.
അവസാനം ഇന്നലെ ആഷിഖിന്റെ മൃതദേഹം കണ്ടെത്തി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബന്ധുക്കളും നാട്ടുകാരും മൃതദേഹം സ്വീകരിച്ചത്. സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല ആഷിഖിന്റെ മരണം. മൃതദേഹം കണ്ടെത്തിയതോടെ ഇരുവഴിഞ്ഞിപ്പുഴയുടെ കരയില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടം ആഷിഖിന്റെ വീട്ടിലേക്ക് ഒഴുകുകയായിരുന്നു. സങ്കടങ്ങളുടെ ഒരു പുഴ ആഷിഖിനെ യാത്ര അയക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

SHARE