കോഴിക്കോട്: കൂടത്തായി തുടര്‍കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി നല്‍കിയ സാഹചര്യത്തില്‍ കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഈ മാസം 19ന് കേസിലെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരിഗണിക്കും.

ബുധനാഴ്ചയാണ് കേസിലെ മുഖ്യപ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്. ഈ മാസം പതിനെട്ടാം തീയതി നാല് മണിവരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. മൂന്നാം പ്രതി പ്രജുകുമാര്‍ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കസ്റ്റഡി കാലാവധി നീട്ടിയത്. എന്നാല്‍, കസ്റ്റഡി നീട്ടരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക മാനസിക ബുദ്ധിമുട്ടില്ലെന്നും മൂന്ന് പ്രതികളും കോടതിയില്‍ പറഞ്ഞു. പ്രജുകുമാറുമായി സംസാരിക്കാന്‍ ഭാര്യക്ക് 10 മിനിറ്റ് സമയം നല്‍കിയിരുന്നു.