സിലിയുടെ ആഭരണങ്ങള്‍ കാണാതായതിലെ ദുരൂഹത മറനീക്കി പുറത്ത്; നിര്‍ണായക വെളിപ്പെടുത്തലുമായി ജോളി

കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട സിലിയുടെ, ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളി ആയിരുന്നു.

ഈ ആഭരണങ്ങളാണ് ഷാജുവിന് കൈമാറിയതെന്ന് ജോളി വ്യക്തമാക്കി. മരണസമയത്ത് സിലി ധരിച്ചിരുന്ന സ്വര്‍ണവും സിലിയുടെ കൈവശം നേരത്തെയുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് ബന്ധുക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ആഭരണങ്ങള്‍ മുഴുവന്‍ സിലി പള്ളിയില്‍ കൊണ്ടുപോയി ഭണ്ഡാരത്തിലിട്ടിരുന്നു എന്നാണ് ഭര്‍ത്താവ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് നേരത്തെ പറഞ്ഞിരുന്നത്.

അതിനാല്‍ ആഭരണങ്ങള്‍ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു പറഞ്ഞിരുന്നു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നു. അതൊരിക്കലും സിലി പള്ളിയിലിടാന്‍ വഴിയില്ലല്ലോ എന്ന് അമ്മ പറഞ്ഞു. അതോടെ ഒരു മാസത്തിനു ശേഷം ഷാജുവും ജോളിയും കൂടി ഒരു പുതിയ വള വാങ്ങി സിലിയുടെ സഹോദരന്റെ പക്കല്‍ കൊടുത്തു. ആഭരണങ്ങളൊന്നും കൈവശമില്ലെന്ന ഷാജുവിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ് ജോളിയുടെ ഇപ്പോഴത്തെ മൊഴി.

SHARE