കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: ലക്ഷ്യം മോഷണം മാത്രമല്ലെന്ന് പൊലീസ്

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി പൊലീസ്. പ്രതികളുടെ ലക്ഷ്യം മോഷണം മാത്രമായിരുന്നില്ലെന്ന് കോട്ടയം എസ്പി പറഞ്ഞു. കൊലപാതകത്തില്‍ ഒന്നിലധികം പേരുടെ പങ്ക് സംശയിക്കുന്നുണ്ട്. ഇത് പരിശോധിക്കുകയാണെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു. കോട്ടയം വേളൂരില്‍ താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്.

വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുടുംബത്തിന്റെ പണ ഇടപാടുകളെക്കുറിച്ചും മരണത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യത കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈല്‍ ഫോണ്‍ വീടിന്റെ സമീപത്ത് നിന്ന് കണ്ടെടുത്തു. അതേ സമയം ഷീബയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ദുരൂഹതയുണ്ടാക്കുന്നു.

വീട്ടിനുള്ളില്‍ ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിലാണുള്ളത്. രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്.

മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാരന്‍ ഷാനി മന്‍സിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്!സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

SHARE