കോവിഡ് 19: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കില്ല

കോവിഡ് 19 ലോകമാകെ വ്യാപിച്ച സാഹചര്യത്തില്‍ നിരവധി രാജ്യങ്ങളാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിവിധ രാജ്യക്കാര്‍ക്ക് ഖത്തറിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് നിലവില്‍ യാത്രാതടസ്സങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍ എയര്‍വേയ്‌സിന്റെ നേരിട്ടുള്ള വിമാനങ്ങളും വിവിധ ട്രാന്‍സിറ്റ് സര്‍വീസുകളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് നേരത്തേ ടിക്കറ്റെടുത്തവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു.

ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയെങ്കിലും ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് നിലവില്‍ യാത്രാ തടസ്സങ്ങളില്ല. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകളും ട്രാന്‍സിറ്റ് സര്‍വ്വീസുകളും മുടക്കമില്ലാതെ തുടരുന്നുണ്ട്. ഒമാന്‍ എയര്‍, ശ്രീലങ്കന്‍ എയര്‍ എന്നിവയുടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള ട്രാന്‍ന്‍സിറ്റ് സര്‍വീസുകളും മുടക്കമില്ലാതെ തുടരുന്നുണ്ട്. അതേസമയം, ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കേര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവരുടെ ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് വിമാനം റദ്ദാക്കിയ വിവരം മെയില്‍ അയക്കും. ഇതിന് ശേഷം കമ്പനി ഓഫീസ് വഴിയോ ട്രാവല്‍ ഏജന്‍സി മുഖേനയോ പണം റീഫണ്ട് ചെയ്യാം. നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് വിമാനത്തിന്റെ പുറെപ്പടല്‍ ദിവസത്തിന്റെ മൂന്ന് ദിവസം മുമ്പ് വരെ സൗജന്യ തീയതി മാറ്റത്തിനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 30 വരെ യാത്ര ചെയ്യാന്‍ തീരുമാനിച്ചവര്‍ക്കാണിത്.

ഇന്‍ഡിഗോയില്‍ മാര്‍ച്ച് 17വരെ ടിക്കറ്റ് എടുത്തവര്‍ക്കു മുഴുവന്‍ തുകയും തിരിച്ചുനല്‍കും. ഇതിനായി അവരുടെ വെബ്‌സൈറ്റില്‍ പ്രത്യേക ലിങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് തുക തിരിച്ചുവാങ്ങുകയോ ടിക്കറ്റ് തിയതി മാറ്റുകയോ ചെയ്യാം. ഖത്തര്‍ എയര്‍വേയ്‌സും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചുനല്‍കാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

SHARE