കൊറോണ ഭീതി: ആര്‍.എസ്.എസ് യോഗം മാറ്റിവെച്ചു

ബാംഗളൂരു: കൊറോണ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബാംഗളൂരുവില്‍ ഞായറാഴ്ച തുടങ്ങാനിരുന്ന ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ മാറ്റിവെച്ചു. ബാംഗളൂരുവില്‍ അഞ്ചോളംപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആര്‍.എസ്.എസ് പരിപാടി മാറ്റിവെച്ചത്. മാര്‍ച്ച് 15 മുതല്‍ 17 വരെയാണ് പരിപാടി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യോഗം മാറ്റിയതെന്ന് ആര്‍.എസ്.എസ് സഹകാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി അറിയിച്ചു.

SHARE