കോഴിക്കോട് പയ്യോളിയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട് പയ്യോളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര കണ്ണിപ്പൊയില്‍ റോഡില്‍ തത്തോത്ത് വിജയന്റെ മകന്‍ വിഷ്ണു എന്നിവരാണ് മരിച്ചത്. ഇരുവരും എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയില്‍ വെച്ചാണ് അപകടമുണ്ടായത്. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടായി. വടകരയില്‍നിന്ന് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റും പയ്യോളി പോലീസും നാട്ടുകാരും മറ്റു വാഹനയാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.