കോഴിക്കോട് കുറ്റിയാടിയില്‍ കടയടക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ കടയടക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൗരത്വഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്താനിരുന്ന പൊതുയോഗത്തില്‍ പ്രതിഷേധിച്ചായിരുന്നു കടകളടച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രകോപനം ഉണ്ടാക്കുക, വിദ്വേഷ പ്രചരണം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടു പേര്‍ക്കെതിരെ കുറ്റിയാടി പോലീസ് കേസെടുത്തിരിക്കുന്നത്.എന്നാല്‍ കേസെടുത്തവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.

നീലേച്ചുകുന്നില്‍ നിന്ന് കുറ്റിയാടിയിലേക്ക് തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്കായിരുന്നു ബി.ജെ.പി കുറ്റിയാടി മണ്ഡലം കമ്മിറ്റി രാഷ്ട്ര രക്ഷാ റാലി എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. അഞ്ചു മണിക്ക് കുറ്റിയാടിയില്‍ വെച്ച് രാഷ്ട്ര രക്ഷാ സംഗമവും സംഘടിപ്പിച്ചു. എന്നാല്‍ കുറ്റിയാടിയിലെ ജനങ്ങള്‍ ഒന്നടങ്കം പരിപാടി ബഹിഷ്‌കരിച്ചതോടെ പരിപാടിയ്ക്ക് കാര്യമായി ആളുകളുണ്ടായിരുന്നില്ല. ബിജെപി നേതാവ് എംടി രമേഷും, സംവിധായകന്‍ അലി അക്ബറുമായിരുന്നു പരിപാടിയിലെ നേതാക്കള്‍. തുടര്‍ന്ന് ബിജെപി കുറ്റിയാടിയില്‍ പ്രകടനം നടത്തുകയായിരുന്നു.

അതേസമയം, പ്രകോപനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റിയാടി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രകടനത്തിനെതിരെ വടകര എസ്.പിക്ക് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം പരാതി നല്‍കിയിരുന്നു. പ്രകടനത്തിന്റെ വീഡിയോ ക്ലിപ്പ് ഉള്‍പ്പെടെ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്.

‘ഉമ്മപ്പാല്‍ കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്’ എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ബിജെപി കുറ്റിയാടി മണ്ഡലം കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. അങ്ങേയറ്റം പ്രകോപന പരമായ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസടുത്തിരിക്കുന്നത്.

അതേസമയം, റാലിയില്‍ മുസ്ലിം വിരുദ്ധ കൊലവിളി മുഴക്കിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞിരുന്നു. എംടി രമേശാണ് റാലി ഉദ്ഘാടനം ചെയ്തത്.

SHARE