അബുദാബി ഡ്യൂട്ടി ഫ്രീ ബമ്പറിന്റെ 24 കോടി രൂപ കോഴിക്കോട് സ്വദേശിക്ക്

അബുദാബി ഡ്യൂട്ടി ഫ്രീയുടെ ബമ്പർ നറുക്കിന് ഇത്തവണ അർഹനായത് കോഴിക്കോട് ചാത്തമംഗലം സ്വദേശി മുഴിപ്പുറത്ത് അസൈൻ മുഹമ്മദ്. 12 ദശലക്ഷം യു.എ.ഇ. ദിർഹമാണ് (24.6 കോടി രൂപയോളം) ഇദ്ദേഹത്തെ തേടിയെത്തിയത്.

അജ്മാനിൽ ബേക്കറിയിൽ വിതരണവിഭാഗത്തിൽ ജീവനക്കാരനാണ്. ഡ്യൂട്ടി ഫ്രീയിൽനിന്ന് ഫോൺ വന്നപ്പോൾ വിശ്വസിക്കാനായില്ലെന്നും സന്തോഷമെന്ന് അറിയിച്ച് ഉടൻ ഫോൺ കട്ടുചെയ്യുകയാണുണ്ടായതെന്നും അസൈൻ പറഞ്ഞു. ‘‘ആരോ കബളിപ്പിക്കാൻ വിളിച്ചതാണെന്നായിരുന്നു കരുതിയത്. ഇന്റർനെറ്റിൽ വാർത്ത കണ്ടപ്പോഴാണ് സത്യം മനസ്സിലായത്. ജീവിതത്തിലെ കഷ്ടപ്പാടിൽ ലഭിച്ച വലിയ സമ്മാനമായാണ് ഇതിനെ കാണുന്നത്. 27 വർഷമായി പ്രവാസിയാണെങ്കിലും കാര്യമായി നീക്കിയിരിപ്പുണ്ടായിരുന്നില്ല. മുമ്പ് മൂന്നുതവണ പലരുമായും ചേർന്ന് ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഭാഗ്യപരീക്ഷണം തനിച്ചായിരുന്നു. ഓൺലൈനിൽ മേയ് 14-ന് എടുത്ത 139411 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്’’ -അസൈൻ പറഞ്ഞു. ഭാര്യ ഷെരീഫ മക്കളായ സന ഫാത്തിമ, അലാ ഫാത്തിമ എന്നിവരടങ്ങുന്നതാണ് കുടുംബം. നാട്ടിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മക്കളുടെ ജീവിതം സുരക്ഷിതമാക്കാനും ഈ തുക ഉപയോഗിക്കുമെന്ന് അസൈൻ പറഞ്ഞു. തന്നെക്കൊണ്ട് പറ്റുംവിധത്തിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാറുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഡ്യൂട്ടിഫ്രീയുടെ രണ്ടും ആറും ഏഴും നറുക്കുകൾക്കും ഇന്ത്യക്കാർ അർഹരായി. മൂന്നും അഞ്ചും നറുക്കുകൾ പാകിസ്താൻ സ്വദേശികളും നാലാം സമ്മാനം ഈജിപ്തുകാരനും നേടി. ഡ്യൂട്ടിഫ്രീയുടെ മറ്റൊരു ഭാഗ്യനറുക്കിൽ ഒന്നാം സമ്മാനമായ ജീപ്പിനും ഇന്ത്യക്കാരൻ അർഹനായി.വാർത്തകൾ തൽസമയം ലഭിക്കാൻ ഫ്ലാഷ് ന്യൂസിന്‍റെ ഔദ്യോഗിക വാട്സ് അപ്പ് ഗ്രൂപ്പിൽ ഈ ലിങ്ക് ഉപയോഗിച്ച് അംഗങ്ങളാകാം

SHARE