Connect with us

More

സുഡാനി കണ്ട കേരളം

Published

on

കെ.പി മുഹമ്മദ് ഷാഫി

കാല്‍പ്പന്തുകളിയുടെ കാര്യത്തില്‍ മലയാളികള്‍ക്ക്, പ്രത്യേകിച്ച് മലബാറുകാര്‍ക്ക് കൗതുകകരമായ ചില ശൈലികളുണ്ട്. ഘനഗംഭീര ശബ്ദത്തില്‍, അര്‍ത്ഥത്തേക്കാള്‍ മുഴക്കമുള്ള വാചകങ്ങളാല്‍ കളിപ്പരസ്യം വിളിച്ചു പറയുന്ന അനൗണ്‍സ്‌മെന്റ് വണ്ടിയില്‍ തുടങ്ങി ഗാലറിയില്‍ ഹരം പിടിച്ചിരിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ വരെ അവ കാണാം. കളിക്കാരെ, കളി നിമിഷങ്ങളെ വിശേഷിപ്പിക്കാന്‍ പ്രത്യേക പദാവലികളും സംജ്ഞകളുമുണ്ട് നമുക്ക്.
ആഫ്രിക്കയില്‍ നിന്നു വരുന്ന ഏതു കളിക്കാരനും നമുക്ക് ‘സുഡാനി’കളാണ്; വടക്കു കിഴക്കന്‍ ഇന്ത്യയുടെ മുഖലക്ഷണമുള്ളവരെല്ലാം ‘നേപ്പാളി’ ആകുന്നതു പോലെ. ഊരും പേരുമല്ല, എങ്ങനെ കളിക്കുന്നു എന്നതു മാത്രമാണ് പ്രധാനമാകുന്നതെന്നര്‍ത്ഥം.
കേരളത്തില്‍ കളിക്കാന്‍ വരുന്ന അത്തരമൊരു ‘സുഡാനി’യുടെ കഥ പറയുന്ന ചലച്ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്, ‘സുഡാനി ഫ്രം നൈജീരിയ’ എന്ന പേരില്‍. കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാള സിനിമയിലെ ഇരുത്തം വന്ന പേരുകളായ സമീര്‍ താഹിറും ഷൈജു ഖാലിദും നിര്‍മിച്ച്, പുതുമുഖം സകരിയ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ള പന്തുകളിക്കാരനായി അഭിനയിക്കുന്നത് നൈജീരിയന്‍ നടന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍.
നൈജീരിയയിലെ ലാഗോസില്‍ 1998-ല്‍ ജനിച്ച സാമുവല്‍, വാള്‍ട്ട് ഡിസ്‌നിയും എംനെറ്റും എം.ടി.വിയുമടക്കമുള്ള വലിയ ബാനറുകളുടെ ചിത്രങ്ങളില്‍ അഭിനയിച്ച് കഴിവു തെളിയിച്ച താരമാണ്. ‘സുഡാനി’യില്‍ സൗബിന്‍ സാഹിറിനൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന സാമുവല്‍ ചിത്രീകരണത്തിന്റെ ഭാഗമായി മലപ്പുറത്തും കോഴിക്കോട്ടുമുണ്ടായിരുന്നു.
കേരളത്തെപ്പറ്റിയുള്ള കൗതുകങ്ങളും മലയാള ചലച്ചിത്ര മേഖലയിലെ അനുഭവങ്ങളും സാമുവല്‍ പങ്കുവെക്കുകയാണ് ഈ അഭിമുഖത്തില്‍.

?ആഫ്രിക്കയില്‍ നിന്നുള്ള ഒരാള്‍ക്ക് കേരളം അപരിചിതമായ ദേശമായിരിക്കുമല്ലോ. പ്രകൃതി, സംസ്‌കാരം, ഭക്ഷണം, ശീലങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ വ്യത്യാസം അനുഭവപ്പെട്ടിരിക്കും. രണ്ടു ദേശങ്ങളും തമ്മില്‍ താരതമ്യം ചെയ്യാമോ?

=തീര്‍ച്ചയായും. എന്നെ സംബന്ധിച്ചിടത്തോളം കേരളം തീര്‍ത്തും അപരിചിതമായിരുന്നു. അതേസമയം, എന്റെ നാടായ നൈജീരിയയുമായി ഈ നാടിന് ചില കാര്യങ്ങളില്‍ സാമ്യതകളുണ്ടുതാനും.
കേരളത്തില്‍ ഞാനാദ്യം ശ്രദ്ധിച്ചത് ഇവിടുത്തെ മരങ്ങളും പച്ചപ്പുമാണ്. എന്റെ നാട്ടിലും ഇതേപോലെ നിറയെ മരങ്ങളാണ്. ഇവിടെ കൂടുതലും തെങ്ങുകളാണ് എന്ന ഒരു വ്യത്യാസം മാത്രം. കേരളത്തില്‍ എവിടെ നോക്കിയാലും മനോഹര ദൃശ്യങ്ങളാണ്. ഇവിടെ ഒരു ഫോട്ടോ എടുക്കുകയാണെങ്കില്‍, ഒരു ദ്വീപില്‍ വെച്ച് എടുത്തതാണെന്നേ തോന്നൂ; അതൊരു വിസ്മയമാണ്. കേരളം അതീവ രസകരമായ ഒരിടമായാണ് എനിക്കനുഭവപ്പെട്ടത്. ഇതുകൊണ്ടൊക്കെയാണെന്നു തോന്നുന്നു കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിളിക്കുന്നത്. ഹൃദ്യവും മനോഹരവുമായ അനുഭവങ്ങളാണ് എനിക്കിവിടെ ഉണ്ടായതെല്ലാം.
കേരളീയര്‍ അതീവ ഹൃദയാലുക്കളാണ്. ഞാന്‍ കാണുകയും, ഒപ്പം ജോലി ചെയ്യുകയും ചെയ്ത എല്ലാ മനുഷ്യരും അനുകമ്പയുള്ളവരായിരുന്നു. നൈജീരിയയില്‍ അതല്ല സ്ഥിതി. കേരളത്തില്‍ തെരുവിലൂടെ നടക്കുകയാണെങ്കില്‍ ഏതെങ്കിലുമൊരു സാധനം വാങ്ങണമെന്ന് നമുക്ക് തോന്നിയാല്‍ മതി, ചോദിക്കേണ്ട താമസമേയുള്ളൂ, അതെവിടെ കിട്ടുമെന്ന് അപരിചിതര്‍ പോലും നമുക്ക് വിശദമായി പറഞ്ഞു തരും. നൈജീരിയയില്‍ ആളുകള്‍ക്ക് സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുന്നതിലാണ് താല്‍പര്യം. അവിടെ നിന്ന്, നന്നായി പിന്തുണക്കുന്ന ഒരു പരിസ്ഥിതിയിലേക്ക് വരിക എന്നത് സന്തോഷകരമാണ്.
പരിചിതമായ സ്വന്തം ഇടത്തില്‍ നിന്ന് ഏഷ്യയിലേക്ക്, ഇന്ത്യയിലേക്ക്, കേരളത്തിലേക്ക് ഉള്ള യാത്ര രസകരമായിരുന്നു. വ്യത്യസ്തമായ മറ്റൊരു സംസ്‌കാരത്തിലേക്കുള്ള യാത്ര വേറിട്ടൊരു അനുഭവമായിരുന്നു. ഈ പ്രൊജക്ടിന്റെ ചിത്രീകരണത്തില്‍ നിന്നും ഞാന്‍ ഏറെ പഠിച്ചു.

? വാള്‍ട്ട് ഡിസ്‌നി, എം.ടി.വി ബേസ് തുടങ്ങിയ വലിയ ബാനറുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പരിചയമുള്ളയാളാണ് താങ്കള്‍. ‘സുഡാനി ഫ്രം നൈജീരിയ’ ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ വലിയ വ്യത്യാസം അനുഭവപ്പെട്ടോ
= വാള്‍ട്ട് ഡിസ്‌നിക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ ഏറ്റവും വലിയ സ്റ്റുഡിയോകളുള്ള എബോണിലൈഫ് ടി.വിയും വാള്‍ട്ട് ഡിസ്‌നിയും ചേര്‍ന്നുള്ള ഒരു പ്രൊജക്ടായിരുന്നു അത്. അമേരിക്കന്‍ ചിത്രമായ ‘ഡെസ്പറേറ്റ് ഹൗസ്‌വൈവ്‌സി’നെ ‘ഡെസ്പറേറ്റ് ഹൗസ്‌വൈവ്‌സ് ഇന്‍ ആഫ്രിക്ക’ എന്ന പേരില്‍ ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച പ്രൊജക്ട് ആയിരുന്നു അത്. വലിയ സെറ്റുകളിട്ടായിരുന്നു ചിത്രീകരണം. അതിനു വേണ്ടി ഒരു എസ്‌റ്റേറ്റ് മുഴുവനാണ് അവര്‍ വാടകക്കെടുത്തത്.
മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതൊരു ചെറിയ പ്രൊജക്ടാണല്ലോ എന്ന തോന്നല്‍ എനിക്കുണ്ടായിട്ടില്ല. എല്ലാ പ്രൊജക്ടിനും അതിന്റേതായ പ്രത്യേകതകളുണ്ടാകും. ചെലവഴിക്കപ്പെടുന്ന പണത്തിന്റെ മൂല്യം നോക്കി പ്രൊജക്ട് വലിയതെന്നോ ചെറിയതെന്നോ നിശ്ചയിക്കാനാവില്ല. ഈ സിനിമയുടെ തിരക്കഥയും കഥാപാത്രവും എനിക്കിഷ്ടമായി എന്നതാണ് കാര്യം. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും താദാത്മ്യം പ്രാപിക്കാനും പ്രേക്ഷകര്‍ക്കു കഴിയുന്നുണ്ടെങ്കില്‍, അവര്‍ ഇതില്‍ നിന്ന് എന്തെങ്കിലും പഠിക്കുന്നുണ്ടെങ്കില്‍ അതാണ് എന്നെ സംബന്ധിച്ച് ‘വലിയ’ പ്രൊജക്ട്.
ചെറുപ്രായത്തില്‍ തന്നെ വാള്‍ട്ട് ഡിസ്‌നി, എംനെറ്റ്, എം.ടി.വി പോലുള്ള ബാനറുകള്‍ക്കു കീഴില്‍ അഭിനയിക്കാനായി എന്നത് എന്റെ കരിയറില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സൗബിന്‍ സാഹിര്‍ എന്നിവയൊക്കെ വലിയ പേരുകളാണെന്ന് എനിക്കറിയാം. അവര്‍ നയിക്കുന്ന പ്രൊജക്ടിന്റെ ഭാഗമാവുക എന്നത് വലിയൊരു ഭാഗമായി ഞാന്‍ കാണുന്നു.
സിനിമയോടുള്ള സമീപനത്തില്‍ കേരളവും നൈജീരിയയും തമ്മില്‍ വലിയ അന്തരമുണ്ട്. നൈജീരിയയില്‍ ഓരോ വര്‍ഷവും രണ്ടായിരത്തിലധികം സിനിമകളാണ് ഇറങ്ങുന്നത്; മിക്കതിന്റെയും നിലവാരം ദയനീയമാണ്. കേരളത്തില്‍ നിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കാറില്ലെന്നു തോന്നുന്നു. ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിനു വേണ്ടി കാത്തിരിക്കാന്‍ ഇവിടുത്തുകാര്‍ തയ്യാറാണ്. ഓരോ സീനിലും ഓരോ ഷോട്ടിലും സകരിയയും സമീറുമൊക്കെ കാണിച്ച ശുഷ്‌കാന്തി തീവ്രമായിരുന്നു. എന്റെ അഭിനയ പാടവത്തെ പൂര്‍ണമായി പുറത്തെടുക്കാന്‍ അവര്‍ ഏറെ ക്ഷമകാണിച്ചു. ഉദ്ദേശിച്ച ഫലം ലഭിക്കുന്നതു വരെ വീണ്ടും വീണ്ടും ശ്രമിച്ചു. കഥാപാത്രത്തിന്റെ ഭാവം ശരിയാകാന്‍ വേണ്ടി എത്രസമയം വേണമെങ്കിലും ചെലവഴിക്കാന്‍ അവര്‍ തയ്യാറായിരുന്നു.
ഓരോ സീനിലും ഇത്രയധികം സൂക്ഷ്മതയോടെയും സമയമെടുത്തും ഞാന്‍ മറ്റൊരു പ്രൊജക്ടിലും പ്രവര്‍ത്തിച്ചിട്ടില്ല. കേരളത്തിലെ അനുഭവത്തില്‍ നിന്ന് എന്നിലെ നടന്‍ ഏറെ പഠിച്ചു.

? ‘സുഡാനി’യിലെ ഒരു പ്രധാന ഘടകമാണല്ലോ ഫുട്‌ബോള്‍. മലയാളികള്‍ക്ക് – പ്രത്യേകിച്ചും മലബാറുകാര്‍ക്ക് – ആഫ്രിക്കക്കാരെ പരിചയം പന്തു കളിക്കാര്‍ എന്ന നിലയ്ക്കാണ്. നിങ്ങള്‍ നൈജീരിയക്കാര്‍ക്ക് ഫുട്‌ബോള്‍ എങ്ങനെയാണ്
= ഫുട്‌ബോളിനെ മാറ്റി നിര്‍ത്തി ആഫ്രിക്കയെ പറ്റി സംസാരിക്കാന്‍ പോലും കഴിയില്ല. നൈജീരിയയിലെ ഓരോ തെരുവിലും കുട്ടികള്‍ പന്തു കളിച്ചുകൊണ്ടിരിക്കുന്നത് എപ്പോഴും കാണാനാവും. ഓരോ മൂലയിലും ഒഴിവുള്ള ഓരോ സ്ഥലങ്ങളിലും റോഡരികിലും സദാസമയവും ഫുട്‌ബോള്‍ കളിക്കുന്നതു കാണാം. ഫുട്‌ബോള്‍ ഞങ്ങളുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സിയില്‍ കളിച്ചിരുന്ന ജോണ്‍ ഓബി മൈക്കലിനെപ്പോലെ നിരവധി ലോകോത്തര കളിക്കാര്‍ നൈജീരിയയില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്.
ഫുട്‌ബോള്‍ കളിക്കാനറിയാത്ത 0.0001 ശതമാനം നൈജീരിയക്കാരില്‍ ഒരാളാണ് ഞാനെന്ന് പറയാന്‍ എനിക്കു മടിയുണ്ട്. ഈ സിനിമക്കു വേണ്ടി ഞാന്‍ ഫുട്‌ബോള്‍ പഠിച്ചു. ഏതാനും ആഴ്ചകള്‍ ഫുട്‌ബോള്‍ പഠനം തന്നെയായിരുന്നു. അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ പഠിച്ചതോടെ പന്തു കളിക്കാമെന്ന ആത്മവിശ്വാസമായി. കേരളത്തില്‍ നിന്ന് എനിക്കു ലഭിച്ച വലിയൊരു കാര്യവും അതു തന്നെയാണ്.
ഫുട്‌ബോള്‍ ക്ലബ്ബുകളെ പറ്റിയോ കളിക്കാരെ പറ്റിയോ എനിക്ക് വലുതായൊന്നും അറിയില്ല. മെസ്സിയാണ് എന്റെ ഇഷ്ടതാരം. മെസ്സി കളിക്കുന്ന മത്സരം ടി.വിയില്‍ വരുമ്പോള്‍ അവസാനം വരെ ഇരുന്നു കാണും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഇഷ്ടമാണ്. ഫുട്‌ബോള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ യൂട്യൂബില്‍ റൊണാള്‍ഡോയുടെ കളി ആവര്‍ത്തിച്ചു കണ്ടിരുന്നു. അദ്ദേഹത്തിന്റെ കളിയും കിക്കെടുക്കുന്ന രീതിയുമെല്ലാം അതിമനോഹരമാണ്.
മലപ്പുറത്തുകാരെ പോലെയാണ് നൈജീരിയക്കാര്‍ പന്തുകളിയെ സ്‌നേഹിക്കുന്നത്. മലപ്പുറത്തെ കാറ്റില്‍ തന്നെ ഫുട്‌ബോളിനോടുള്ള പ്രണയം അറിയാന്‍ കഴിയും. ഘാനയില്‍ നിന്ന് കേരളത്തിലേക്കു വന്ന ഫുട്‌ബോള്‍ കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെല്ലാം കേരളത്തെ സ്‌നേഹിക്കുന്നു; ഈ നാടിനെപ്പറ്റി സന്തോഷത്തോടെ സംസാരിക്കുന്നു.

? ഫുട്‌ബോള്‍ പഠനം എങ്ങനെയുണ്ടായിരുന്നു
എന്നെ കളി പഠിപ്പിക്കുന്നതിനായി പ്രൊഡക്ഷനിലെ ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. അവരോടൊപ്പം കോഴിക്കോട്ടെ ഹൈലൈറ്റ് മാളിന്റെ മുകളിലുള്ള മിനി ഫീല്‍ഡ് പോലുള്ള ടര്‍ഫിലായിരുന്നു പരിശീലനം. കഠിനമായി പരിശീലിച്ചപ്പോള്‍ മാത്രമാണ് ചെറിയ സ്‌കില്ലുകളെങ്കിലും പഠിച്ചെടുക്കാനായത്. മലപ്പുറത്തു ചെന്നപ്പോള്‍ സെവന്‍സ് ഗ്രൗണ്ടുകളിലും പരിശീലനം നടത്തിയിരുന്നു. ഇനിയൊരു ചിത്രത്തില്‍ ഫുട്‌ബോള്‍ കളിക്കേണ്ടി വന്നാല്‍ ധൈര്യസമേതം എനിക്കത് ചെയ്യാനാകുമെന്ന ആത്മവിശ്വാസമുണ്ട്.

? കേരളത്തില്‍ വെച്ചുള്ള ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെക്കാമോ
= ആഴത്തിലുള്ള വൈകാരിക രംഗങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നടനാണ് ഞാന്‍. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളതും. പൊള്ളയായ കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വന്നിട്ടില്ല. ‘സുഡാനി ഫ്രം നൈജീരിയ’യിലും വ്യത്യസ്തമല്ല.
ഈ ചിത്രത്തില്‍ എടുത്തു പറയേണ്ടത് സൗബിനൊപ്പമുള്ള അഭിനയമാണ്. അദ്ദേഹം മികച്ചൊരു അഭിനേതാവാണ്. കഥാപാത്രത്തിന് ക്ഷണവേഗത്തില്‍ ഭാവം നല്‍കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ധ്യമുണ്ട്. ആഴമുള്ള റോളുകള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. വ്യക്തിപരമായി സൗബിന്‍ തമാശക്കാരനാണ്. പക്ഷേ, ക്യാമറക്കു മുന്നിലെത്തുമ്പോള്‍ മികച്ചൊരു അഭിനേതാവും.
സൗബിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. അദ്ദേഹത്തിന് തിരിച്ചും അങ്ങനെ തന്നെ എന്നു തോന്നുന്നു. നല്ല ഒഴുക്കോടെയാണ് ഞങ്ങള്‍ അഭിനയിച്ചത്. ഞങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് എന്നറിയാത്ത ഒരു സീന്‍ പോലും ഉണ്ടായിരുന്നില്ല. നല്ലൊരു സംവിധായകന്‍ കൂടി ആയതിനാല്‍, എന്റെ പ്രകടനം മെച്ചപ്പെടുത്താനും സൗബിന്‍ സഹായിച്ചു. ഇതുവരെ കൂടെ അഭിനയിച്ചതില്‍ ഏറ്റവും മികച്ചവരിലൊരാളാണ് സൗബിനെന്ന് ഞാന്‍ പറയും.
‘സുഡാനി’ ടീമിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. ഒരു പ്രൊഫഷണല്‍ കൂട്ടായ്മ എന്നതിനേക്കാള്‍ കുടുംബം പോലെയായിരുന്നു ഞങ്ങള്‍. സകരിയയും ഷൈജുവും സമീറും സൗബിനുമെല്ലാം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. ഇടവേളകളില്ലാതെ ദീര്‍ഘ സമയങ്ങളില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യാറുണ്ടായിരുന്നില്ല. ഷൂട്ടിങ് നീണ്ടു പോകുന്നു എന്നു തോന്നുമ്പോള്‍ ബ്രേക്കെടുത്ത് ഞാനും സമീറും ചായയും പഴമ്പൊരിയും ദോശയും കഴിക്കും. സൗബിനുമൊത്ത് ഡ്രൈവ് പോകാറുണ്ടായിരുന്നു.
സൗബിന്‍ എല്ലായ്‌പോഴും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും, നിര്‍ത്താതെ തമാശകള്‍ പറയും. ഒരിക്കല്‍ വാതിലിനു പിന്നില്‍ മറഞ്ഞു നിന്ന് ഞാന്‍ വന്നപ്പോള്‍ ചാടിവീണ് പേടിപ്പിക്കുക വരെ ചെയ്തു.
എല്ലാവരുടെയും കുടുംബങ്ങളെയും ഞാന്‍ നേരില്‍ക്കണ്ടു. കുറച്ചു ദിവസം ഷൈജുവിന്റെ വീട്ടില്‍ താമസിച്ചിരുന്നു. രുചികരമായ ഭക്ഷണവുമായി അവരെന്നെ സല്‍ക്കരിച്ചു.
സ്പാനിഷ്, ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളും ഒരല്‍പം ഫ്രഞ്ചും കൈകാര്യം ചെയ്യാന്‍ എനിക്കു കഴിയും. മലയാളം പഠിക്കാനും ഞാന്‍ ഒരുകൈ ശ്രമം നടത്തിയിരുന്നു. സത്യം പറയാമല്ലോ, പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളം. സോഷ്യല്‍ മീഡിയയില്‍ നിന്നു പഠിച്ച ‘പ്വൊളി’, ‘കട്ട വെയ്റ്റിങ്’ തുടങ്ങിയ വാക്കുകള്‍ ഞാന്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
മലയാളം അറിയാത്തതിനാല്‍ ഷൂട്ടിങ് സെറ്റിലെ ധാരാളം തമാശകള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. കാറില്‍ യാത്ര ചെയ്യുമ്പോഴൊക്കെ എല്ലാവരും മലയാളത്തില്‍ സംസാരിക്കുമ്പോള്‍ ഒന്നും മനസ്സിലാകാതെ ഞാന്‍ മിഴിച്ചിരുന്നിട്ടുണ്ട്. ഏതായാലും ഞാനൊരു ഇംഗ്ലീഷ് ടു മലയാളം നിഘണ്ടു സ്വന്തമാക്കിയിട്ടുണ്ട്.

? ചിത്രത്തെപ്പറ്റി? പ്രതീക്ഷകള്‍
= ഒരു ഫുട്‌ബോള്‍ കളിക്കാരനും അയാളുടെ മാനേജറും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. വിദേശത്തുള്ള ഒരു കളിക്കാരന്‍ അയാള്‍ക്ക് തീരെ പരിചിതമല്ലാത്ത ഒരു നാട്ടില്‍ കളിക്കാനെത്തുന്നത്. ഒരുപാട് സ്വപ്‌നങ്ങളുമായാണ് അയാള്‍ വന്നിറങ്ങുന്നത്. അയാളെ ജനങ്ങള്‍ എങ്ങനെ കാണുന്നു, അയാളുടെ കരിയറിന് എന്തു സംഭവിക്കുന്നു തുടങ്ങിയവ ചിത്രം പറയുന്നു. കളിക്കാരന്‍ എന്നതിനൊപ്പം മാനേജറുടെ കുടുംബവുമായും മറ്റുള്ളവരുമായുമൊക്കെയുള്ള കളിക്കാരന്റെ ബന്ധവും പ്രമേയമാവുന്നു.
‘സുഡാനി ഇന്‍ ഇന്ത്യ’ എന്നോ മറ്റോ ഉള്ള പേരില്‍ ഈ ചിത്രം ആഫ്രിക്കയില്‍ റിലീസ് ചെയ്താല്‍ വിജയിക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. ആഫ്രിക്കന്‍ ജനതക്ക് ബോളിവുഡ് ചിത്രങ്ങള്‍ പരിചിതമാണ്. എന്റെ നാട്ടിലെ ജങ്ഷനില്‍ നിന്നാല്‍ തന്നെ ബോളിവുഡ് ഡി.വി.ഡികള്‍ വില്‍ക്കുന്ന പയ്യന്മാരെ കാണാം. നല്ല മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി റിലീസ് ചെയ്താല്‍ മലയാള ചിത്രങ്ങള്‍ക്കും വിജയ സാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending