കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ തനിക്ക് താല്‍പര്യമില്ല. ആരെ തിരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. പ്രായം പറഞ്ഞു പ്രസിഡന്റ് സ്ഥാനത്തു നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്. തെന്നല ബാലകൃഷ്ണപിള്ള പ്രസിഡന്റ് ആയിരുന്നപ്പോഴാണ് യു.ഡി.എഫിന് 100 സീറ്റ് കിട്ടിയതെന്ന് മുരളീധരന്‍ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ ഇന്റലിജന്‍സും ആഭ്യന്തര വകുപ്പും പൂര്‍ണ പരാജയമായി. അപ്രഖ്യാപിത ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് ഉടന്‍ പാസാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.