ക്രാക്കത്തോവ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു- 15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ലാവയും പുകയും

ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ ക്രാക്കത്തോവ അഗ്നി പര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. ഏപ്രില്‍ പത്തിനുണ്ടായ പൊട്ടിത്തെറിയുടെ ശബ്ദം 150 കിലോമീറ്റര്‍ അകലത്തില്‍ വരെ കേട്ടതായി ഇന്തൊനേഷ്യന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് പര്‍വ്വതത്തില്‍ നിന്നുള്ള ലാവയും പുകയും ചാരവും പൊന്തിയത്.
വെള്ളിയാഴ്ച രാത്രി 10.35നായിരുന്നു പൊട്ടിത്തെറിയെന്ന് സെന്റര്‍ ഫോര്‍ വോള്‍ക്കാനോളജി ആന്‍ഡ് ജിയോളജിക്കല്‍ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ വ്യക്തമാക്കി. താരതമ്യേന ചെറിയ പൊട്ടിത്തെറിയാണ് ഉണ്ടായത് എന്നാണ് അതോറിറ്റിയുടെ വിലയിരുത്തല്‍.

https://twitter.com/DavidJRandall/status/1248860615432601602


2018ലാണ് ഇതിന് മുമ്പ് ക്രാക്കത്തോവ പൊട്ടിത്തെറിച്ചത്. ഇതിനു പിന്നാലെയുണ്ടായ സുനാമിയില്‍ 437 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഓര്‍മയില്‍ 1883ലെ പൊട്ടിത്തെറി

1883 ഓഗസ്റ്റ് 27നാണ് ക്രാക്കത്തോവയില്‍ ഏറ്റവും വലിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ പടുകൂറ്റന്‍ സുനാമിയുമുണ്ടായി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 36000 പേര്‍ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്.
ഈ പൊട്ടിത്തെറിയുടെ ശബ്ദം 3200 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലും ന്യൂ ഗിനിയയിലും 4800 കിലോമീറ്റര്‍ അകലെയുള്ള റോഡ്രിഗസ് ദ്വീപിലും വരെ എത്തിയിരുന്നു. 80 കിലോമീറ്റര്‍ വരെ ദൂരത്തേക്കാണ് പുകപടലങ്ങളും ലാവയും ഉയര്‍ന്നത്. ലാവയും മറ്റു അവശിഷ്ടങ്ങളും പുറത്തെത്തിയത് മണിക്കൂറില്‍ 2575 കിലോമീറ്റര്‍ വേഗത്തില്‍. ഇതിനു പിന്നാലെ 148 അടി വരെ ഉയരത്തിലുള്ള കൂറ്റന്‍ സുനാമിത്തിരമാലകളും. ഹൈഡ്രജന്‍ ബോംബിനേക്കാള്‍ പതിനായിരം മടങ്ങ് ശക്തമായിരുന്നു ആ സ്‌ഫോടനം എന്നാണ് കരുതപ്പെടുന്നത്.

ക്രാക്കത്തോവയെന്ന വന്യസൗന്ദര്യം

വന്യമായ സൗന്ദര്യമാണ് ക്രാക്കത്തോവ. ചെറിയ പൊട്ടിത്തെറികളില്‍ കാണാന്‍ സുന്ദരമായ കാഴ്ചയാണത്. ചുറ്റും കടലായതു കൊണ്ടു തന്നെ ഇത്തരം ചെറിയ വിസ്‌ഫോടനങ്ങള്‍ മനുഷ്യന് പ്രശ്‌നങ്ങളുണ്ടാക്കില്ല.
ഇന്തൊനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയിലാണ് ക്രാക്കത്തോവയുടെ സ്ഥാനം.

SHARE