കോഴിക്കോട്: കനത്ത മഴയെ ഡാം മാനേജ്‌മെന്റ് വീഴ്ചയിലൂടെ മഹാപ്രളയമാക്കി നൂറുക്കണക്കിന് പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ വൈദ്യുതി ബോര്‍ഡിന്റെ ക്രൂരത തുടരുന്നു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളീയര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ഇരുട്ടടി. ഓഗസ്റ്റ് 16 മുതലുള്ള ബില്ലുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് കൂടി ചേര്‍ത്തുകൊണ്ടുള്ള ബില്‍ നല്‍കാനാണ് ബോര്‍ഡ് നിര്‍ദേശം.

കഴിഞ്ഞ രണ്ട് നിരക്ക് വര്‍ധനയിലും 180 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സര്‍ചാര്‍ജില്‍ അവരെയും ഉള്‍പ്പെടുത്തി. 20 യൂണിറ്റിനു താഴെ ഉപയോഗിക്കുന്ന നോണ്‍ പേമെന്റ് ഗ്രൂപ്പിനെ (എന്‍.പി.ജി.) മാത്രമാണ് സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇതു പത്തു ശതമാനത്തിലും താഴെയാണ്. എന്നാല്‍, സൗജന്യ നിരക്കുണ്ടായിരുന്ന കാര്‍ഷിക മേഖലയടക്കം സര്‍ചാര്‍ജില്‍ വരുന്നുണ്ട്.
ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 15 പൈസ അധിക നിരക്കെന്ന കൊള്ളയാണ് കെ.എസ്.ഇ.ബി ഈടാക്കിത്തുടങ്ങിയത്. മുന്‍ കൂട്ടി ഇതു സംബന്ധിച്ച് ഒരു വിവരവും നല്‍കാത്തതിനാല്‍ പുതിയ ബില്ലില്‍ സര്‍ചാര്‍ജ് നിരക്ക് കൂടി വന്നതോടെയാണ് ഉപഭോക്താക്കള്‍ ഇതറിയുന്നത്്. മൂന്നു മാസത്തേക്കാണ് സര്‍ചാര്‍ജ് പിരിക്കുന്നതിനായി റെഗുലേറ്ററി കമ്മിഷന്‍ അനുമതി.

നല്ല മഴ ലഭിച്ച് ഡാമുകള്‍ നിറഞ്ഞ അനുകൂല സാഹചര്യത്തിലും അധിക നിരക്ക് ഈടാക്കുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളെയെങ്കിലും സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തോടും ബോര്‍ഡിന് നിഷേധാത്മക സമീപനമാണ്. കഴിഞ്ഞ വര്‍ഷം വൈദ്യുതി പുറമെ നിന്ന് വാങ്ങിയ ഇനത്തില്‍ 19.74 കോടിയുടെ അധിക ബാധ്യതയുണ്ടെന്നാണ് കൊള്ളക്ക് കാരണമായി കെ.എസ്.ഇ.ബി പറയുന്നത്.