കെ.എം ഷാജിക്കെതിരായ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ നിയമസഭയില്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എം ഷാജിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മന്ത്രി ജലീല്‍ നിയമസഭയില്‍ മാപ്പ് പറഞ്ഞു. ഷാജി തെരുവ് പ്രസംഗകനാണെന്നും കോളേജിന്റെ പടി കാണാത്ത ഷാജി ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് മിണ്ടരുതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ ഇന്ന് സഭയില്‍ പ്രസംഗിച്ച ഷാജി മന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു. തെരുവ് പ്രസംഗകന്‍ എന്ന ആക്ഷേപം അഭിമാനത്തോടെ ഏറ്റെടുക്കുന്നു എന്ന് ഷാജി പറഞ്ഞു. എന്നാല്‍ മന്ത്രി പഠിച്ച അതേ കോളേജിലാണ് താനും പഠിച്ചതെന്നും അത് കോളേജല്ലെന്ന് മന്ത്രിക്ക് അഭിപ്രായമുണ്ടെങ്കില്‍ അദ്ദേഹം സ്വന്തം സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്നും ഷാജി പറഞ്ഞു.

തുടര്‍ന്ന് സ്പീക്കര്‍ ജലീലിന് വിശദീകരണത്തിന് അനുമതി നല്‍കുകയായിരുന്നു. ഷാജിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് പറഞ്ഞ ജലീല്‍ അത്തരം പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞു.

SHARE