പൊലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം; എന്‍.ഐ.എ അന്വേഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

പൊലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം ഗൗരവമുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് വിഷയത്ത ഗൗരവമായി സമീപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സി.എ.ജിക്ക് തന്നെ വിഷയത്തിന്റെ ഗൗരവം വ്യക്തമായത് കൊണ്ടാണ് അസാധാരണമായി പത്ര സമ്മേളനം നടത്തിയത്. തോക്ക് കാണുന്നില്ല എന്നതല്ല അതെങ്ങോട്ട് പോയെന്നതിലാണ് കാര്യം.എന്‍.ഐ.എ ക്ക് അല്ലാതെ ഈ വിഷയം അന്വേഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസിന്റെ വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ക്രമക്കേട് ആരോപണം നേരിടുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് സി.എ.ജി. റിപ്പോര്‍ട്ട് കഴിഞ്ഞ് ദിവസമായിരുന്നു പുറത്തുവന്നത്. തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനില്‍ ആയുധങ്ങളുടെ കുറവുണ്ടെന്നും കേരളത്തിലെ അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ ഒരു വാഹനം പോലുമില്ലെന്നും സി.എ.ജി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

SHARE