മെഗാ ശുചീകരണം എങ്ങുമെത്തിയില്ല പകര്‍ച്ചവ്യാധി ഭീതിയില്‍ കുട്ടനാട്

നസീര്‍ മണ്ണഞ്ചേരി
ആലപ്പുഴ

ഏറെ കൊട്ടിഘോഷിച്ച ശുചീകരണ മഹായജ്ഞത്തിന്റെ ഒന്നാംഘട്ടം എങ്ങുമെത്താതെ അവസാനിച്ചതോടെ കുട്ടനാട് പകര്‍ച്ചവ്യാതി ഭിതിയില്‍. കുട്ടനാട്ടിന്റെ വിവിധ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് വീടുകളാണ് ഇപ്പോഴും ശുചീകരിക്കാതെ കിടക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതും മാലിന്യങ്ങള്‍ കുന്നുകൂടന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലേക്കാണ് കുട്ടനാടിനെ കാത്തിരിക്കുന്നത്. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവരാണ് വലിയ പ്രതിസന്ധി നേരിടുന്നത്. ആഴ്ചകള്‍ നീണ്ട ക്യാമ്പ് ജീവിതത്തിന് ശേഷം സാധാരണ ജീവിത്തിലേക്ക് മടങ്ങാന്‍ കൊതിച്ച് വീടുകളിലെത്തിയവര്‍ അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഷമിക്കുകയാണ്. പലരും സ്വന്തം നിലയില്‍ ശുചീകരിക്കാനും ആരംഭിച്ചിട്ടുണ്ട്.
പ്രളയം ബാക്കിയാക്കിയ കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലെ വീടുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മടക്കി കൊണ്ടു വരുന്നതിനായുള്ള മഹായജ്ഞം കഴിഞ്ഞ 28,29 തീയതികളിലാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കാര്യമായ ശുചീകരണം നടത്താന്‍ കഴിഞ്ഞില്ല. കൈനകരി, പുളിങ്കുന്ന്, കാവാലം, വെളിയനാട് തുടങ്ങിയ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് വീടുകളാണ് ഇപ്പോഴും ശുചീകരിക്കാതെ കിടിക്കുകയാണ്. ഇതില്‍ തന്നെ കൈനകരി പഞ്ചായത്താണ് ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത്. ഇവിടെ ഭൂരിഭാഗം വീടുകളും ഇപ്പോഴും വാസയോഗ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ എത്രകാലം എടുക്കുമെന്ന കാര്യത്തില്‍ ഒരുഉറപ്പുമില്ലാത്ത ആവസ്ഥയിലുമാണ്. പലപ്രദേശങ്ങളിലും മടവീണതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായത്. ബണ്ടിന്റെ ബലപ്പെടുത്തലും നിര്‍മ്മാണവുമെല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് കാര്യമായി എത്തിച്ചേരുന്നില്ലെന്ന ആക്ഷേപവും വ്യാപകമായി ഉയരുന്നിട്ടുണ്ട്.
രൂക്ഷമായ ശുദ്ധജലക്ഷാമവും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. മലിനജലം ഉപയോഗിക്കേണ്ട ഗതികേടിലാണ് പലരും ഇപ്പോഴുള്ളത്. പലവീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. പരിസരങ്ങളില്‍ കെട്ടിക്കിടക്കുന്ന ജലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. കക്കൂസ് മാലിന്യം ഉള്‍പ്പെടെയുളളവ ജലത്തില്‍ കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാവും കുട്ടാനാടിനെ എത്തിക്കുക. കുട്ടനാടിലെ വിവിധ നദികളിലൂടെയും തോടുകളിലൂടെയും ചത്ത മൃഗങ്ങളും അഴുകിയ ശരീരഭാഗങ്ങളും ഇപ്പോഴും ഒഴുകിയെത്തുന്നുണ്ട്.
ജലം ഒഴിവാക്കുന്നതിനായി മോട്ടോര്‍ ഉപയോഗിച്ചുള്ള പമ്പിംഗ് നടക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.എന്നല്‍ ഇതില്‍ കാര്യമായ നടപടിയുണ്ടാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

SHARE