പകപോക്കലും അധികാര ദുര്‍വിനിയോഗവും; കുവൈത്തിലെ ഇന്ത്യന്‍ എംബസിക്കെതിരെ വ്യാപക പരാതി

കുവൈത്ത് സിറ്റി : കുവൈത്തില്‍ 7 മാസം ഗര്‍ഭിണിയായ മലയാളി യുവതിക്കും ഭര്‍ത്താവിനും വന്ദേ ഭാരത് മിഷന്‍ വഴി നാട്ടിലേക്ക് പോകുന്നതിനു ഇന്ത്യന്‍ എംബസി വിലക്ക് ഏര്‍പ്പെടുത്തിയതായി പരാതി. കാസര്‍ഗ്ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്ലക്കും ഭാര്യ ആത്തിക്കും എതിരെയാണ് എംബസിയുടെ ഈ പ്രതികാര നടപടി. യാത്രക്കാരുടെ മുന്‍ഗണന പട്ടികയില്‍ അര്‍ഹരായിട്ടും മൂന്നു തവണ യാത്ര നിഷേധിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു എംബസിയുടെ ഈ പ്രതികാര നടപടി.

ഏഴു മാസം ഗര്‍ഭിണിയാണു അബ്ദുല്ലയുടെ ഭാര്യ ആത്തിക്ക. വന്ദേഭാരത് ദൗത്യ പ്രകാരം നാട്ടിലേക്ക് പോകുന്നതിനു ഇരുവരും നേരത്തെ എംബസിയില്‍ പേരു രജിസ്റ്റര്‍ ചെയ്തിരുന്നു. വന്ദേ ഭാരത് മിഷന്‍ പ്രകാരമുള്ള കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് പല തവണ എംബസിയില്‍ ബന്ധപ്പെട്ടു. ആദ്യ ദിവസം ഇവരോട് വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയെന്നും അവിടെ നിന്ന് സീറ്റ് ലഭ്യമാക്കാമെന്നും എംബസിയില്‍ നിന്ന് അറിയിച്ചു. എന്നാല്‍ മംഗഫിലെ താമസ സ്ഥലത്തു നിന്നും വിമാനത്താവളത്തില്‍ എത്തിയ ഇവരെ തിരിച്ചയക്കുകയായിരുന്നു. പിന്നീട് 13 നു പുറപ്പെട്ട കോഴിക്കോട് വിമാനത്തില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇവര്‍ വീണ്ടും വിമാനത്താവളത്തില്‍ എത്തിയെങ്കിലും അന്നും നിരാശയായിരുന്നു ഫലം.

പിന്നീട് പല തവണ എംബസിയുമായി ബന്ധപ്പെടുകയും യാത്രയുടെ അടിയന്തിര സാഹചര്യം അറിയിച്ച് കൊണ്ട് മെയില്‍ അയക്കുകയും ചെയ്തും എന്നിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണു കഴിഞ്ഞ ദിവസത്തെ കണ്ണൂര്‍ വിമാനത്തില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ മൂന്നാം തവണയും ഇവര്‍ വിമാനത്താവളത്തിലേക്ക് പോയത്. എന്നാല്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന എംബസി അധികൃതര്‍ വീണ്ടും തഴയുകയായിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലെ സ്വദേശി ഉദ്യോഗസ്ഥനെ സമീപിച്ച് യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചു.ഇവരുടെ അവസ്ഥ നേരിട്ട് ബോധ്യമായ ഉദ്യോഗസ്ഥന്‍ എംബസി ഉദ്യോഗസ്ഥനോടു ഇവര്‍ക്ക് തിരുവനന്തപുരം വിമാനത്തില്‍ നിര്‍ബന്ധമായും സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് പ്രകാരം വീണ്ടും യാത്രക്കായി തയ്യാറെടുക്കുന്നതിനിടയിലാണ് എംബസിയില്‍ നിന്നും ഇവര്‍ക്ക് ഫോണ്‍കോള്‍ വരുന്നത്. വിമാനത്താവളത്തില്‍ പ്രശ്‌നമുണ്ടാക്കിയ കാരണത്താല്‍ നിങ്ങളുടെ എംബസി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തുവെന്നും ഇതിനാല്‍ ഇനി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നുമാണു മലയാളി ഉദ്യോഗസ്ഥന്‍ ഇവരെ അറിയിച്ചിരിക്കുന്നത്. അംബാസഡറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണു നടപടി എന്നും എംബസി ഉദ്യോഗസ്ഥന്‍ യുവാവിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ തിരുവനന്തപുരം വിമാനത്തില്‍ കൂടി ഇവര്‍ക്ക് സീറ്റ് ലഭ്യമായില്ലെങ്കില്‍ യുവതിക്ക് നിയമ പരമായി യാത്ര ചെയ്യാന്‍ തടസ്സങ്ങള്‍ ഉണ്ടായിരിക്കും .ഇക്കാരണത്താല്‍ ആശങ്കയിലായിരിക്കുകയാണു ഈ കുടുംബം. .യാത്രക്കാരുടെ മുന്‍ഗണന ക്രമം അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണു പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ കണ്ണൂരിലേക്ക് പോയ വിമാനത്തിലും അനര്‍ഹരായ നിരവധി പേര്‍ ഇടം പിടിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

SHARE