യുവാവ് കാമുകിയുമായി ഒളിച്ചോടി; യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു 

മുസാഫര്‍നഗര്‍: കാമുകിയുമായി യുവാവ് ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ ബലാത്സംഗം ചെയ്ത് യുവതിയുടെ ബന്ധുക്കളുടെ പ്രതികാരം. ഉത്തര്‍പ്രദേശ് ശ്യാമിലി ജില്ലയിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. മുസാഫര്‍നഗറിനു സമീപമുള്ള ഗ്രാമത്തിലെ 24കാരിയായ യുവതിയുമായാണ് ഭോപ്പുര നിവാസിയായ 26കാരനായ യുവാവ് പ്രണയത്തിലായി നാട് വിട്ടത്. ഗാസിയാബാദില്‍ പഠിക്കുകയായിരുന്ന യുവതിയുമായാണ് യുവാവ് കഴിഞ്ഞ നവംബറില്‍ ഒളിച്ചോടിയത്.

തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും അളിയനെയും തട്ടിക്കൊണ്ടുപോവുകയും ഇവരെ ശാമ്‌ലി ഗ്രാമത്തിലുള്ള ഒരു വീട്ടില്‍ തടവിലാക്കുകയും ചെയ്തു. ഇവിടെവെച്ച് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് മുസാഫര്‍നഗര്‍ പോലീസ് സൂപ്രണ്ട് അജയ് പാല്‍ ശര്‍മ പറഞ്ഞു.

ഇവരെ കാണാതായതായി റിപ്പോര്‍ട്ട് ലഭിച്ച പൊലീസ് നടത്തിയ തിരച്ചിലിലാണ് സംഭവം പുറത്തറിഞ്ഞത്. ക്രിസ്മസ് ദിനത്തിലാണ് നാല് പേരെയും തടവില്‍ നിന്ന് മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തു. യുവതിയുടെ സഹോദരന്‍ മുന്‍ ഗ്രാമമുഖ്യനാണെന്നാണ് വിവരം. ഇയാളുടെ നേതൃത്വത്തിലായിരുന്നു അക്രമം.
ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.

SHARE