സി.എ.എ: കേരളത്തിലെ ശ്രീലങ്കന്‍ വംശജര്‍ പറയുന്നു; ഞങ്ങള്‍ക്കും ഭയമുണ്ട്

എസ്. സുധീഷ്‌കുമാര്‍
ഗവി: ‘കലാപം കത്തി നില്‍ക്കുന്ന വേളയിലാണ് സമാധാനത്തിന്റെ ഈ താഴ്‌വരയിലേക്കു ഞങ്ങള്‍ എത്തിയത്. ഇനി ഈ മണ്ണില്‍ നിന്നും മടങ്ങാന്‍ കഴിയില്ല. ഈ വയസു കാലത്ത് എവിടേക്കു പോകാനാണ് ‘. ഗവിയിലെ ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴ് വംശജന്‍ ദുരൈചാമി (69) പറയുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ ഗവി നിവാസികളായ ശ്രീലങ്കന്‍ തമിഴ് വംശജരും ആശങ്കയിലാണ്. ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ തങ്ങളും മടങ്ങി പോകേണ്ടി വരുമോ എന്നതാണ് ഇവര്‍ക്കിടയില്‍ ഇപ്പോള്‍ ഉയരുന്ന ആശങ്ക.
ദുരൈചാമി 26-ാം വയസിലാണ് ഗവിയിലെത്തുന്നത്. സിംഹള ഭാഷ നല്ലപോലെ ഇപ്പോഴും പറയും. ഈ വൃദ്ധന്‍ മാത്രമല്ല ഗവിയിലുള്ളത്. ഒട്ടേറെ പേരുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് 1977-78 കാലഘട്ടത്തില്‍ 150 കുടുംബങ്ങളെ ശ്രീലങ്കയില്‍നിന്ന് ഇന്ത്യയില്‍ എത്തിച്ചത്. ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ അക്രമങ്ങള്‍ തുടര്‍ന്നതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. കപ്പല്‍ മാര്‍ഗം രാമേശ്വരത്തെത്തിയ ഇവര്‍ അതിര്‍ത്തി കടന്ന് പത്തനംതിട്ടയില്‍ എത്തി. പിന്നീട് പത്തനംതിട്ടയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ഗവിയില്‍ ഇവരെ പുനരധിവസിപ്പിക്കുകയായിരുന്നു. 473 കുടുംബങ്ങള്‍ ആണ് ഇവിടെയുള്ളത് ഗവയിലെ കേരള വനം വികസന കോര്‍പറേഷന്റെ (കെഎഫ്ഡിസി) നേതൃത്വത്തിലുള്ള ഏലത്തോട്ടത്തില്‍ ജോലിയും നല്‍കി. ഗവി ഡിവിഷന്റെ കീഴില്‍ ഗവി, പമ്പ തോട്ടങ്ങളിലായി 187 അംഗീകൃത തൊഴിലാളികളാണ് ഇപ്പോള്‍ ജോലി നോക്കുന്നത്. 40 ഓളം പേര്‍ കെ.എഫ്.ഡി.സിയില്‍ ഇക്കോ ടൂറിസം മേഖലയില്‍ ഗൈഡ് മാരായി ജോലി ചെയ്യുന്നു. അന്നും ഇന്നും ഗവി തന്നെയാണ് ഇവരുടെ ലോകം.
ആദ്യം എത്തിയവര്‍ മുതല്‍ രണ്ടാം തലമുറ വരെ ഇന്നിവിടെയുണ്ട്. ഇവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ലയങ്ങള്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. സ്‌കൂളും ആസ്പത്രിയും പൊതുവിതരണ കേന്ദ്രങ്ങളും ഇവര്‍ക്കായുണ്ട്. ഗവിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമാണ് പത്രങ്ങള്‍ എത്തുന്നത്. അതും പത്തനംതിട്ടയില്‍ നിന്നുള്ള ബസില്‍. പലരുടെയും വീടുകളില്‍ ടെലിവിഷന്‍ പോലുമില്ല. പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചോ നിയമത്തെ കുറിച്ചോ പലര്‍ക്കും അറിവില്ല. ചാനല്‍ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും എത്തുമ്പോഴാണ് പലരും വിഷയത്തിന്റെ ഗൗരവം തന്നെ അറിയുന്നത്.
ശ്രീലങ്കയില്‍നിന്ന് പുനരധിവസിപ്പിച്ചവര്‍ക്ക് സര്‍ക്കാര്‍ ‘ഫാമിലി കാര്‍ഡ്’ നല്‍കിയിരുന്നു. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് പിന്നീട് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ചിലരുടെ കൈവശം ഏതാനും രേഖകള്‍ ഉണ്ട്. സര്‍ക്കാരുമായുള്ള കരാര്‍ ഉടമ്പടി പ്രകാരം ഇന്ത്യയില്‍ എത്തിയ തങ്ങളുടെ പൗരത്വം തെളിയിക്കേണ്ട സാഹചര്യം ഉണ്ടാകുമോയെന്നാണ് ഇവരുടെ പ്രധാന ആശങ്ക. ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കോന്നി തഹസില്‍ദാര്‍ പറഞ്ഞു. നിലവില്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ചില അവ്യക്ത നിലനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

SHARE