ജയില്‍ പരിഷ്‌കരണം: ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു

തിരുവനന്തപുരം: ജയില്‍ പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മുന്‍ ഡി.ജി.പി.യും നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസ്സറുമായ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൂടാതെ കേരളത്തിലെ മൂന്ന് ഐടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസ്സറായി ഋഷികേശ് ആര്‍. നായരുടെ നിയമന തീരുമാനവും യോഗത്തില്‍ ഉണ്ടായി. സംസ്ഥാനത്തെ പ്രധാന മൂന്ന് ഐ.റ്റി. പാര്‍ക്കുകളായ തിരുവനന്തപുരം ടെക്‌നോപാര്‍ക്, കൊച്ചി ഇന്‍ഫോപാര്‍ക്, കോഴിക്കോട് സൈബര്‍ പാര്‍ക് മേധാവിയായി തീരുമാനിച്ചുകൊണ്ടാണ് നിയമനം.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്‍

  • ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെസ് സബ്‌സിഡിയായി 75 ലക്ഷം രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച ഒരു കോടി രൂപയ്ക്ക് പുറമേയാണിത്.
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിസ്ഥിതി വകുപ്പുമായി ആലോചന ഉറപ്പുവരുത്താന്‍ കാര്യനിര്‍വ്വഹണ ചട്ടങ്ങളില്‍ ഭേദഗതിവരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
  • കണ്ണൂര്‍ കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍, സാനിറ്റേഷന്‍ ജീവനക്കാര്‍, എന്നിവരുടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.