കത്വ പീഡനം: ‘ഇന്ത്യന്‍ പതാകക്ക് പകരം ആസിഫയുടെ രക്തംപുരണ്ട വയലറ്റ് ഗൗണ്‍ ഉയര്‍ത്തണം’; ലീനമണിമേഖലെ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലെ. സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ആസിഫയുടെ രക്തമൂറിയ വയലറ്റ് ഗൗണ്‍ ഉയര്‍ത്തണമെന്ന് ലീനമണിമേഖലെ പറഞ്ഞു.

പൊലീസുകാരെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് തുപ്പണം. ഇത്തരം ക്രൂരമായ ലൈംഗികാതിക്രമവും കൊലപാതകവും രാഷ്ട്രീയമായും സാമുദായികമായും നേരിടുന്നത് നാണക്കേടാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ജമ്മുകാശ്മീര്‍ െ്രെകംബ്രാഞ്ച് എട്ടുപ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം ഇന്നലെയാണ് സമര്‍പ്പിച്ചത്.