മദ്യ നയത്തില്‍ ചര്‍ച്ചക്ക് തയ്യാറാകാതെ സര്‍ക്കാര്‍

 

പൊതുസമൂഹത്തില്‍ ദുരന്തം വിതയ്ക്കുന്ന ഇടതു സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കേരളാ കാത്തലിക് ബിഷപ് കൗണ്‍സില്‍ മദ്യവിരുദ്ധ സമിതി ശക്തമായ പ്രക്ഷോഭത്തിലേക്ക്. ശക്തമായ എതിര്‍പ്പിനിടയിലും കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കവുമായി ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണിത്. ഏപ്രില്‍ 3ന് എറണാകുളത്ത് സമിതിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്. അതിനിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ മദ്യനയത്തിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെസിബിസി സമിതി തുടക്കമിട്ടു.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രതിനിധി സംഘം സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത് എന്നിവരുടെ നേതൃത്വത്തില്‍ മദ്യനയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചെങ്ങന്നൂരിലെത്തി വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
ചെങ്ങന്നൂര്‍ ഓര്‍ത്തഡോക്‌സ് ബഥേല്‍ ഭദ്രാസന അരമന, മാര്‍ത്തോമ്മ സഭ ചെങ്ങന്നൂര്‍ – മാവേലിക്കര ഭദ്രാസനം, സെന്റ് തോമസ് മലങ്കര കാത്തലിക് ഫൊറോന ചര്‍ച്ച് എന്നിവിടങ്ങളിലും തുടര്‍ന്ന് തിരുവല്ലയില്‍ മാര്‍ത്തോമ്മ സഭ ആസ്ഥാനത്ത് ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുമായും കോട്ടയത്ത് സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മനുമായും കൂടിക്കാഴ്ച നടത്തി.
മദ്യവിരുദ്ധ വിശാലസഖ്യത്തിന്റെ (ഗ്രാന്‍ഡ് അലയന്‍സ് ഓഫ് ടെമ്പറന്‍സ്) ആഭിമുഖ്യത്തില്‍ ഏപ്രില്‍ മൂന്നാം വാരം ചെങ്ങന്നൂരില്‍ മദ്യനയവുമായി ബന്ധപ്പെട്ട് ബഹുജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. മദ്യനയത്തിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള അവസരമായിട്ടാണ് ചെങ്ങന്നൂരിനെ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ കാണുന്നത്. മുഴുവന്‍ സമുദായങ്ങളെയും, വിവിധ സാമുഹിക സംഘടന പ്രസ്ഥാനങ്ങളെയും ഈ പ്രചരണ-പ്രതികരണ പരിപാടികളില്‍ പങ്കാളികളാക്കും. മണ്ഡലത്തിലുടനീളം പ്രചരണ ജാഥകളും കോര്‍ണര്‍ യോഗങ്ങളും കണ്‍വെന്‍ഷനുകളും ഭവനസന്ദര്‍ശനങ്ങളും സംഘടിപ്പിക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇനിയും മദ്യശാലകള്‍ തുറക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

SHARE