30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പ്രീമീയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ലിവര്‍പൂള്‍

ലണ്ടന്‍: 30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. 1989-90 സീസണിലാണ് ഇതിനു മുമ്പ് അവസാനമായി ലിവര്‍പൂള്‍ കിരീടം നേടിയത്. കഴിഞ്ഞ സീസണില്‍ അവസാന ലാപ്പില്‍ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ അവര്‍ ആന്‍ഫീല്‍ഡിലെത്തിച്ചു.

ലീഗില്‍ ഏഴു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് കിരീടധാരണം. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര നേരത്തെ ഒരു ടീം കിരീടം ഉറപ്പിക്കുന്നത്. 2000-2001 സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും 2017-2018 സീസണില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും അഞ്ച് മത്സരം ബാക്കി നില്‍ക്കെ കിരീടം സ്വന്തമാക്കിയിരുന്നു. ലിവര്‍പൂളിന്റെ 19ാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. 31 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 86 പോയന്റ് നേടിയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്.

SHARE