ലോക്ക്ഡൗണ്‍ നീട്ടിയേക്കും; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കും. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും സാധ്യതയുണ്ട്.

എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതുവരെ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അവലോകനം നടത്താനാണ് കേന്ദ്ര തീരുമാനം. അതേസമയം, സ്‌കൂള്‍ തുറക്കല്‍, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കല്‍ എന്നിവ തുടങ്ങുന്നതിന് കേന്ദ്ര തീരുമാനം നിര്‍ണായകമാകും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നല്‍കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മെട്രോ സര്‍വീസ് പുനരാരംഭിച്ചേക്കും. ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്ക് അനുമതിയുണ്ടാകില്ല. കണ്ടെയ്!ന്‍മെന്റ് സോണുകളുടെ എണ്ണം ചുരുക്കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും വ്യക്തതയുണ്ടാവും.

മെയ് 17നാണ് ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീട്ടിയത്. നാലാംഘട്ട ലോക്ക്ഡൗണില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം സെന്ററുകള്‍, റസ്റ്ററന്റുകള്‍ എന്നിവ തുറക്കാനുള്ള അനുമതി നല്‍കിയേക്കില്ല.

SHARE