ലോക്ക്ഡൗണ്‍ ലംഘിച്ച് ട്യൂഷന്‍; മൂന്നാം ക്ലാസ്സുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം

ആലപ്പുഴ: ചെങ്ങന്നൂരില്‍ ലോക്ഡൗണ്‍ ലംഘിച്ച് കുട്ടികള്‍ക്ക് ട്യൂഷനെടുത്ത അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ട്യൂഷന്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. അധ്യാപകനായ മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. ജുവനൈല്‍ നിയമപ്രകാരമാണ് കേസെടുത്തത്. ലോക്ക് ഡൗണ്‍ കാലത്ത് ട്യൂഷന്‍ ക്ലാസ് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതറിഞ്ഞ വാര്‍ഡ് മെമ്പറാണ് ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്‌തേക്കും.

ശനിയാഴ്ച വൈകിട്ടാണ് കുട്ടിക്ക് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളുണ്ട്. മുരളി കുട്ടികളെ അടിക്കുന്നതും മോശമായി സംസാരിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അടി കിട്ടിയ വിവരം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവര്‍ ഇക്കാര്യം ചൈല്‍ഡ് ലൈനിനെയോ പൊലീസിനെയോ അറിയിച്ചില്ല. അയല്‍വാസിയായ ആശ പ്രവര്‍ത്തകയാണ് വിവരം പുറത്തറിയിക്കുന്നത്.

SHARE