കര്‍ണാടക: പവന്‍മാറ്റ് വെറ്ററന്‍മാരുടെ തട്ടകം


പി.വി അഹമ്മദ് ശരീഫ്
ദക്ഷിണേന്ത്യയെ താമര മുക്തമാക്കുന്നതിനായി മൂന്നാം സ്ഥാനത്തെത്തിയ പാര്‍ട്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിട്ട സംസ്ഥാനമാണ് കര്‍ണാടക. ദക്ഷിണേന്ത്യയില്‍ ജാതി സമവാക്യങ്ങള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന കര്‍ണാടകയില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനും ബി.ജെ.പിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് അഗ്നി പരീക്ഷയാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ടെക്കികള്‍ വോട്ടര്‍മാരായ സംസ്ഥാനമായ കര്‍ണാടകക്ക് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ എന്നിവരെ ലോക്‌സഭയിലെത്തിച്ച ചരിത്രവുമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എക്കും, ബി.ജെ.പിക്കും കേന്ദ്ര ഭരണം നേടാന്‍ 28 മണ്ഡലങ്ങളുള്ള സംസ്ഥാനം ഏറെ നിര്‍ണായകമാണ്. ഏപ്രില്‍ 18, ഏപ്രില്‍ 23 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി 14 വീതം മണ്ഡലങ്ങളിലേക്കാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സംഘടനാ ശേഷിയുള്ള സംസ്ഥാനമെന്ന നിലയിലും, ജെ.ഡി.എസുമായുള്ള സഖ്യവും സംസ്ഥാനത്തെ സഖ്യ സര്‍ക്കാറിന്റെ ഭരണ നേട്ടവും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് അല്‍പം മുന്‍തൂക്കം നല്‍കുന്നുണ്ട്.

യെഡി ഡയറിയും
കന്നഡികരും
മുന്‍മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ യെദ്യൂരപ്പക്കെതിരായി ഉയര്‍ന്ന ഡയറി ആരോപണമടക്കം ബി.ജെ.പിക്കു മുന്നില്‍ ഒരുപിടി വെല്ലുവിളികളുണ്ട്. ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകളും ചലനങ്ങളും സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയാവാന്‍ 1800 കോടി രൂപ കൈക്കൂലി നല്‍കിയെന്ന യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പ് കാരണമായെങ്കിലും കന്നഡിഗര്‍ക്കിടയില്‍ ഇതിന് വലിയ ചലനമൊന്നും സൃഷ്ടിക്കാനായിട്ടില്ല. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് ഡി.കെ ശിവകുമാറിനെതിരേയും ഇതു പോലൊരു ഡയറി ആരോപണം നിലനില്‍ക്കുന്നുണ്ടെന്നതിനാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും ഇത് ഏറ്റെടുത്തിട്ടില്ല.

റിസോര്‍ട്ട് രാഷ്ട്രീയം
ജാതി സമവാക്യങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം കര്‍ണാടക ഇടക്കിടെ കാണുന്ന കാഴ്ചയാണ് റിസോര്‍ട്ട് രാഷ്ട്രീയം. എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് ഏത് വിധേനയും ഭരണം കൈപ്പിടിയിലൊതുക്കുക എന്ന ബി.ജെ.പി തന്ത്രത്തിന് റിസോര്‍ട്ട് രാഷ്ട്രീയം ഉപയോഗിച്ചാണ് ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം മറുമരുന്നൊരുക്കുന്നത്. സ്വന്തം പാളയത്തില്‍ നിന്നും അംഗങ്ങള്‍ കൊഴിയാതിരിക്കാന്‍ ഇതേ തന്ത്രം ബി.ജെ.പിയും പയറ്റുന്നുണ്ട് താനും. സര്‍ക്കാറിനെ അട്ടിമറിക്കാനായി യെദ്യൂരപ്പ നടത്തിയ പല ശ്രമങ്ങളും പാഴായത് ബി.ജെ.പിക്ക് വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കകം രാജിവെക്കേണ്ടി വന്നതോടെ ലിംഗായത്ത് മുഖ്യമന്ത്രിയെ അട്ടിമറിക്കാന്‍ വൊക്കലിംഗ വിഭാഗം ചരട് വലിച്ചെന്ന ആരോപണം ഉയര്‍ത്തി സമുദായത്തെ കൂടെ നിര്‍ത്താന്‍ ഒരു പരിധി വരെ യെദ്യൂരപ്പക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ബി.ജെ.പിക്ക് അനുകൂലമായി പല മണ്ഡലങ്ങളിലും ലിംഗായത്ത് വോട്ടുകള്‍ പെട്ടിയിലാക്കുമെന്നാണ് കണക്കാക്കുന്നത്. ലിംഗായത്ത് ഏകീകരണത്തിനെതിരായി മുസ്‌ലിം, അഹിന്ദ വോട്ടുകള്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് അനുകൂലമായേക്കുമെന്നാണ് കണക്കു കൂട്ടുന്നത്. വൊക്കലിംഗ, ലിംഗായത്ത്, കോര്‍ബ വിഭാഗക്കാരാണ് സംസ്ഥാനത്തെ പ്രധാന വോട്ടു ബാങ്ക്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വോട്ടു ചോരാതെ നിലയുറപ്പിച്ചാല്‍ കഴിഞ്ഞ തവണ നേടിയ സീറ്റുകളുടെ എണ്ണം ഇത്തവണ 6-10 വരെയായി കുറയുമെന്ന ഭീതി ബി.ജെ.പിക്കുണ്ട്. തീരദേശ കര്‍ണാടക അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ബി.ജെ.പിക്കൊപ്പം തന്നെ നിലയുറപ്പിക്കും. പക്ഷേ 2014ല്‍ ബി.ജെ.പി നേരിയ വോട്ടുകള്‍ക്ക് വിജയിച്ച ബഗല്‍കോട്ട്, ദാവണ്‍ഗരെ, മൈസൂരു മണ്ഡലങ്ങള്‍ ഇത്തവണ പാര്‍ട്ടിക്ക് നഷ്ടപ്പെടാനാണ് സാധ്യത. വൊക്കലിംഗ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളാണിവ. 50,000നു മുകളില്‍ ബി.ജെ.പി വിജയിച്ച ഡസനോളം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഒരുമിച്ചാല്‍ കാര്യങ്ങള്‍ ബി.ജെ.പിക്ക് കൈവിടും. സഖ്യ സമവാക്യം തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കുമെന്നതിന്റെ ഉദാഹരണമാണ് ബെല്ലാരി ഉപതെരഞ്ഞെടുപ്പ് ഫലം.

കുടുംബ രാഷ്ട്രീയം അഥവാ
ഒരു ജെ.ഡി.എസ് തിരക്കഥ
കുടുംബ രാഷ്ട്രീയം വിട്ടൊരു കളിക്ക് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ തയാറല്ല. മകന്‍ കുമാര സ്വാമി സംസ്ഥാന മുഖ്യമന്ത്രിയും കുമാരസ്വാമിയുടെ ഭാര്യ എം.എല്‍. എയുമാണ്. ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കുമാര സ്വാമിയുടെ മകന്‍ നിഖില്‍ കുമാര സ്വാമിയും, സംസ്ഥാന മന്ത്രിയും കുമാരസ്വാമിയുടെ സഹോദരനുമായ രേവണ്ണയുടെ മകന്‍ പ്രജ്വാള്‍ രേവണ്ണ, ദേവഗൗഡ എന്നിവര്‍ മത്സര രംഗത്തുണ്ട്. മറ്റേത് പാര്‍ട്ടിയേക്കാളും കുടുംബാധിപത്യം അരങ്ങുവാഴുന്ന പാര്‍ട്ടിയാണ് ജെ.ഡി.എസ്.

പടലപ്പിണക്കങ്ങള്‍,
സ്വതന്ത്ര വേഷങ്ങള്‍
ബംഗളൂരു സൗത്തില്‍ മുന്‍ മന്ത്രി അനന്ത കുമാറിന്റെ ഭാര്യക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധം ബി.ജെ.പിയില്‍ വിമത സ്വരം ഉയര്‍ത്തിയിട്ടുണ്ട്. അതേ സമയം ബംഗളൂരുവില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സിനിമാ താരം പ്രകാശ് രാജിന്റെ സാന്നിധ്യവും മാണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കുന്ന സുമലത അംബരീഷിന്റെ സാന്നിധ്യവും ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നും വോട്ടുകള്‍ ചോരാന്‍ ഇടവരുത്തും. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ മത്സരിക്കുന്ന തുംകൂരുവില്‍ നിലവിലെ സിറ്റിങ് എം.പി സ്വതന്ത്രനായി മത്സരിക്കുന്നത് സഖ്യത്തിന് തിരിച്ചടിയാണ്. കോണ്‍ഗ്രസ് 20 സീറ്റുകളിലും ജെ.ഡി.എസ് എട്ടു സീറ്റുകളിലും മത്സരിക്കാനാണ് ധാരണയായിരുന്നതെങ്കിലും ബംഗളൂരു നോര്‍ത്ത് മണ്ഡലം ജെ.ഡി.എസ് കോണ്‍ഗ്രസിന് തന്നെ വിട്ടു നല്‍കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി, കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്, നിരവധി കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ മത്സര രംഗത്തുള്ള സംസ്ഥാനം കൂടിയാണ് കര്‍ണാടക. 2011ലെ സെന്‍സസ് പ്രകാരം 52,850,562 ആണ് സംസ്ഥാനത്തെ മൊത്തം ജനസംഖ്യ ഇതില്‍ 83 ശതമാനം ഹിന്ദുക്കളും, 11 ശതമാനം മുസ്‌ലിംകളും, നാല് ശതമാനം ക്രിസ്ത്യാനികളും, 0.8 ശതമാനം ജൈനന്‍മാരും, 0.7 ശതമാനം ബുദ്ധമത വിശ്വാസികളുമാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടിയ ബി.ജെ.പി 43 ശതമാനം വോട്ടും കൈയ്യടക്കിയിരുന്നു. പരമ്പരാഗതമായി ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന തീരദേശ കര്‍ണാടകക്കു പുറമെ ബംഗളൂരു നഗര മണ്ഡലങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പമാണ് നിലയുറപ്പിച്ചത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ്
നടക്കുന്ന മണ്ഡലങ്ങള്‍
(ബ്രാക്കറ്റില്‍ 2014ല്‍ വിജയിച്ച കക്ഷി-ഭൂരിപക്ഷം)
ഉഡുപ്പി-ചിക്മംഗളൂരു (ബി.ജെ.പി-181,643), ഹാസന്‍ (ജെ.ഡി.എസ്-100,462), ദക്ഷിണ കന്നഡ (ബി.ജെ.പി-143,709), ചിത്ര ദുര്‍ഗ (ബി.ജെ.പി-101,291), തുംകൂരു (കോണ്‍ഗ്രസ്-74,041), മാണ്ഡ്യ (ജെ.ഡി.എസ്-5,518), മൈസൂരു (ബി.ജെ.പി-31,608), ചാമരാജ് നഗര്‍ (കോണ്‍ഗ്രസ്-141,182), ബംഗളൂരു റൂറല്‍ (കോണ്‍ഗ്രസ്-231,480), ബംഗളൂരു നോര്‍ത്ത്(ബി.ജെ.പി-229,764), ബംഗളൂരു സെന്‍ട്രല്‍ (ബി.ജെ.പി-137,500), ബംഗളൂരു സൗത്ത് (ബി.ജെ.പി-228,575) ചിക്ബല്ലാപൂര്‍(കോണ്‍ഗ്രസ്-9,520), കോലാര്‍ (കോണ്‍ഗ്രസ്-47,850)
രണ്ടാംഘട്ട തെരഞ്ഞെടുപ്പ്
നടക്കുന്ന മണ്ഡലങ്ങള്‍
ചികോഡി (കോണ്‍ഗ്രസ്-3,003), ബെല്‍ഗാം (ബി.ജെ.പി-75,860), ബഗല്‍കോട്ട്(ബി.ജെ.പി-116,560), ബീജാപൂര്‍ (ബി.ജെ.പി-69,819), ഗുല്‍ബര്‍ഗ (കോണ്‍ഗ്രസ്-74,733), റായ്ചൂര്‍ (കോണ്‍ഗ്രസ്-1,499), ബീദാര്‍ (ബി.ജെ.പി-92,222), കൊപ്പാള്‍ (ബി.ജെ.പി-32,414), ബെല്ലാരി (ബി.ജെ.പി -85,144-ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (243161)), ഹാവേരി (ബി.ജെ.പി- 87,571), ധാര്‍വാഡ് (ബി.ജെ.പി-113,657), ഉത്തര കന്നഡ (ബി.ജെ.പി-140,700), ദാവണ്‍ഗരെ (ബി.ജെ.പി-17,607), ഷിമോഗ (ബി.ജെ.പി-363,305 ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി-53,654).

SHARE