കര്‍ക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല : വിവാദ പരാമര്‍ശവുമായി സുമിത്രാ മഹാജന്‍

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. കര്‍ക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല എന്നാണ് സുമിത്രാ മഹാജന്റെ പരാമര്‍ശം.
കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ സുഹൃത്തായിരുന്നു ഹേമന്ത് കര്‍ക്കറെ . തന്റെ സുഹൃത്തിന് വേണ്ടിയാണ് കര്‍ക്കറെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയതെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു.
സുമിത്രാ മഹാജന്റെ പ്രതികരണത്തിനെതിരെ ദിഗ് വിജയ് സിംഗ് രംഗത്തെത്തി. രാജ്യം അശോക ചക്ര നല്‍കി ആദരിച്ച ഹേമന്ത് കര്‍ക്കറെയുടെ സുഹൃത്ത് എന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ദിഗ്‌വിജയ് സിംഗ്.
മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ നേരത്തേ ഹേമന്ത് കര്‍ക്കറയെ അപമാനിച്ച് രംഗത്തെത്തിയിരുന്നു. ഹേമന്ത് കര്‍ക്കറയെ താന്‍ ശപിച്ചിരുന്നെന്നാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞത്.