ലണ്ടന്‍ മോദി


കാര്‍ഷിക വായ്പയെടുത്ത് ഇന്ത്യയില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോഴാണ് നീരവ്‌മോദി എന്ന ബാങ്ക് തട്ടിപ്പു വീരന്‍ ലണ്ടനില്‍ മാസം 17 ലക്ഷം രൂപ വാടക നല്‍കി ഫ്‌ളാറ്റില്‍ വാഴുന്നതായി ഒരു പത്രപ്രവര്‍ത്തകന്‍ കണ്ടെത്തിയത്. ധരിച്ചിരിക്കുന്നത് വെറും 9 ലക്ഷത്തിന്റെ ഓവര്‍കോട്ടും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് ബിസിനസ് ആവശ്യത്തിനെന്നുപറഞ്ഞ് എടുത്ത 13,500 കോടി രൂപയുടെ വായ്പയാണ് നീരവ് തിരിച്ചടക്കാതെ രാജ്യം വിട്ടത്. പേരില്‍ മോദിയുണ്ടെന്നത് മാത്രമല്ല നീരവ് മോദിയുടെ തട്ടിപ്പിന് വാര്‍ത്താപ്രാധാന്യം വര്‍ധിക്കാന്‍ കാരണം. അമേരിക്കയിലടക്കം ജീവിതത്തില്‍ ഇങ്ങനെ പലവിധ തട്ടിപ്പുകള്‍ നടത്തി മുമ്പും മുങ്ങിയയാളാണ് ഈ മോദി. ഗ്രാമിന് ലക്ഷങ്ങള്‍ വില മതിക്കുന്ന വജ്ര ബിസിനസ് തന്നെയാണ് നീരവിന്റെ തട്ടിപ്പു വിലാസം. പവിഴം, സ്വര്‍ണം, വജ്രം എന്നിവയായി കോടികളാണ് നീരവിന്റെ ശേഖരത്തിലിപ്പോഴുമുള്ളതെന്നാണ് ലണ്ടന്‍ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട്. മുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം കൊടുക്കരുതെന്ന് പറഞ്ഞതോടെ കോടീശ്വരനെന്ന് പറഞ്ഞിട്ടെന്താ കോടതി നേരെ ജയിലിലേക്ക് വിട്ടു. വെള്ളിയാഴ്ചയും കോടതിയില്‍ ഹാജരാക്കിയെങ്കിലും ഏപ്രില്‍ 26വരെ തടവില്‍ കഴിയട്ടെ എന്നാണ് കോടതിയുടെ കല്‍പന.
കഴിഞ്ഞ ബുധനാഴ്ച സെന്‍ട്രല്‍ ലണ്ടനിലെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോക പൊലീസിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള നീരവിനെ ബ്രിട്ടനിലെ സ്‌കോട്ട്‌ലാന്‍ഡ് പൊലീസ് പിടികൂടുന്നത്. ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ സെന്റര്‍ പോയിന്റ് ഹോട്ടലിലാണ് നീരവ് അത്യാഢംബരമായി ജീവിച്ചത്. ഒരു കൊടും കുറ്റവാളിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാദാകുറ്റവാളികളുടെ കാര്യം പറയാനുണ്ടോ എന്നാണ് ലണ്ടന്‍ നിവാസികള്‍ പോലും ചോദിക്കുന്നത്. ജോലി ചെയ്യാനുള്ള അനുമതി പത്രവും നീരവ് സ്വന്തമാക്കിയിരുന്നു. നീരവിന്റെ സുഖലോലുപമായ ജീവിതത്തെക്കുറിച്ച് വാര്‍ത്ത പുറത്താക്കിയ സണ്‍ഡേ ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് നീരവിന്റെ അറസ്റ്റിന് വഴിവെച്ചതെങ്കിലും മോദിയെ രക്ഷപ്പെടാന്‍ സഹായിച്ച ഇന്ത്യയിലെ ഉന്നതര്‍ക്ക് അനങ്ങാതിരിക്കാന്‍ വയ്യെന്നായി. കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായാണ് ഇപ്പോള്‍ നീരവിന്റെ അറസ്റ്റിനെ മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം. ഏതായാലും സി.ബി.ഐയുടെയും സാമ്പത്തിക കുറ്റാന്വേഷകരുടെയും സംഘം ഇപ്പോള്‍ നീരവിനെതിരെ കേസുകെട്ടുമായി ലണ്ടനിലുണ്ട്. വെള്ളിയാഴ്ച പുതുതായി ഒരാരോപണം കൂടി പ്രോസിക്യൂഷന്‍ നീരവിനെതിരെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ സമര്‍പ്പിച്ചു. സാക്ഷിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും മറ്റൊരാള്‍ക്ക് അറസ്റ്റ് ഒഴിവാക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്നുമാണത്. ലോകത്തെ മാതൃകാകുറ്റാന്വേഷണ ഏജന്‍സിയായ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസിനോടാണോ കളി. മറ്റൊരു വായ്പാതട്ടിപ്പുവീരന്‍ വിജയ് മല്യയുടെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ജഡ്ജി തന്നെയാണ് നീരവിന്റെയും അപേക്ഷ പരിഗണിച്ചത്. ഫലം, നീരവിന് രണ്ടാമതും ജാമ്യമില്ല. ടിയാന്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സി.പി.എസ്) കോടതിയില്‍ വാദിച്ചത്.
2018 ജനുവരിയിലാണ് നീരവ് ലണ്ടനിലെത്തുന്നത്. കിങ്ഫിഷര്‍ ഉടമ വിജയ്മല്യ എത്തിയ വഴിയേതന്നെ. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ നേരില്‍കണ്ട ശേഷമാണ് താന്‍ നാടുവിട്ടതെന്നാണ് മല്യ പറഞ്ഞതെങ്കില്‍ എന്തുകൊണ്ടോ നീരവിന്റെ നാവില്‍നിന്ന് അത്തരം പരാമര്‍ശങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല. പക്ഷേ ഒരുകാര്യം വ്യക്തമാണ്: കേന്ദ്ര സര്‍ക്കാരില്‍നിന്നും ബാങ്ക് മേധാവികളില്‍നിന്നും അന്വേഷണ ഏജന്‍സികളില്‍നിന്നുമൊക്കെ നീരവിനും കിട്ടിയിട്ടുണ്ട് നല്ല സഹായം. ഗുജറാത്തുകാരനല്ലേ! 48 കാരനായ നീരവ ്ദീപക് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്നാണ് ബാങ്കുകളെ പറ്റിച്ച് സഹസ്ര കോടികളുമായി മുങ്ങിയതെന്നാണ് കേസ്. വിജയ് മല്യയുടെയും മറ്റും തട്ടിപ്പുകഥകള്‍ കേട്ട് കാതുകള്‍ തഴമ്പിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ മുന്നിലേക്കാണ് നീരവും ചോക്‌സിയുമൊക്കെ പുത്തന്‍ അവതാരങ്ങളായി എത്തുന്നത്. മോദിയുടെ ഭരണത്തില്‍ രാജ്യത്തെ സമ്പത്ത് 48 ശതമാനത്തില്‍നിന്ന് 70 ശതമാനമായി ഒരു ശതമാനം പേരിലേക്ക് മാറ്റപ്പെട്ടുവെന്നതിന് തെളിവാണ് നീരവും ചോക്‌സിയും മല്യയുമൊക്കെ. നീരവും അനുജന്‍ നീശല്‍ മോദിയും മാനേജര്‍ സുഭാഷ് ശങ്കറും അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മറ്റൊരു വജ്രമോതിരം തട്ടിപ്പുകേസിലെ ഇന്റര്‍പോള്‍ പ്രതികളാണ്.
തലമുറകളായി വജ്ര ബിസിനസ് നടത്തുന്നവരാണ് നീരവിന്റെ കുടുംബം. 19-ാം വയസ്സില്‍ ബെല്‍ജിയത്തില്‍നിന്ന് മുംബൈയിലെത്തി അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഡയമണ്ട്‌സ് കമ്പനിയില്‍ പങ്കാളിയായാണ് ഇന്ത്യയിലെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. 1999ല്‍ സ്വന്തമായി ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് കമ്പനി ആരംഭിച്ചു. 2014 മുതല്‍ 2017 വരെയാണ് രാജ്യത്താകമാനം സമ്പന്ന സ്ഥലങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കുന്നത്. ഇതുതന്നെയാണ് ഇന്ദ്രപ്രസ്ഥത്തിലെ മോദിയിലേക്ക് ആരോപണ മുനകള്‍ എത്തിച്ചതും. ഭാര്യ അമേരിക്കന്‍ പൗരത്വമുള്ള അമി. മൂന്നു മക്കളുമുണ്ട്.

SHARE