കാമുകനൊപ്പം ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെ തലക്കടിച്ചു കൊന്നു

ബെംഗളൂരു: കര്‍ണാടകത്തില്‍ കാമുകനൊപ്പം കഴിയാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പൊലീസ് പിടിയില്‍. മൈസൂര്‍ കെ.ആര്‍. നഗരയിലാണ് സംഭവം. കാമുകനെയും യുവതിയെയും കോടതി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 22 കേസിനാസ്പദമായ സംഭവം. മൈസൂര്‍ കെ.ആര്‍ നഗര സ്വദേശിയായ ആനന്ദും ഭാര്യ ശാരദയും സാലിഗ്രാമയിലാണ് താമസിച്ചിരുന്നത്. ദിവസവും മദ്യപിച്ച് ലക്കുകെട്ടാണ് ആനന്ദ് വീട്ടിലെത്തിയിരുന്നത്. ഇതില്‍ മനംമടുത്ത ശാരദ ആനന്ദിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.

ഇതിനുള്ള വഴി കണ്ടെത്തിയത് ഈയിടെ കണ്ട കന്നഡ സിനിമയിലൂടെയാണ്. മലയാളത്തില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ കന്നഡ പതിപ്പായ ദൃശ്യ സിനിമയിലെ രംഗങ്ങള്‍ക്കനുസരിച്ചാണ് ശാരദ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന രാത്രി മദ്യപിച്ചെത്തിയ ആനന്ദിനെ ശാരദയും വീട്ടില്‍ ഒളിച്ചുനിന്ന ബാബു തലക്കടിച്ചു കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം രാത്രി ആനന്ദിന്റെ തന്നെ ബൈക്കില്‍ കൊണ്ടുപോയി ഒരു കുളത്തില്‍ തള്ളി.

പിറ്റേന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ശാരദ തന്നെയാണ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. ട്രാവല്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ആനന്ദിന് ആമേഖലയിലെ ശത്രുക്കള്‍ ഉള്ളതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ശാരദയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ച കെ.ആര്‍. നഗര പോലീസിന് ചില സംശയങ്ങള്‍ തോന്നി. ശേഷം ശാരദയെയും ബാബുവിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ദൃശ്യ സിനിമയാണ് ഇത്തരത്തില്‍ കൊലപാതകം നടപ്പാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശാരദ പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.

SHARE