കാമുകന്‍ വഞ്ചിച്ചു; കാമുകി ജനനേന്ദ്രിയം മുറിച്ച് മാറ്റി

ബംഗളൂരു: കാമുകന്റെ ജനനേന്ദ്രിയം മുറിച്ച ദന്ത ഡോക്ടര്‍ക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. വിവാഹത്തില്‍ നിന്ന് പിന്മാറി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിലുള്ള പ്രതികാരം തീര്‍ക്കാനാണ് ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചത്. ബെംഗളൂരുവിലെ ഗുരുപ്പനപാളയ സ്വദേശി ഡോ. സയീദ അമീന നഹീമാണ്(42) 2008 നവംബറില്‍ തന്റെ കാമുകനായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്.

ഡോക്ടറുടെ ആക്രമണത്തിന് ഇരയായ മൈസൂരു സ്വദേശിയായ യുവാവിന് 2ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവായി. സയീദയുമായി യുവാവ് മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരെ വിവാഹം ചെയ്യാതെ പ്രണയത്തില്‍ നിന്ന് പിന്മാറി മറ്റൊരു സ്ത്രീയെ യുവാവ് വിവാഹം ചെയ്തു. ആറ് മാസത്തിന് ശേഷമാണ് സയീദ കൃത്യമായ പ്ലാനിങ്ങോടെ കൃത്യം നടപ്പാക്കിയത്.

വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം സയീദ യുവാവിനെ തന്റെ ഡെന്റല്‍ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി. മയക്കു മരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബോധം കെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചു മാറ്റി. ബോധം വന്നപ്പോള്‍ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നതാണ് യുവാവ് കണ്ടത്. തുടര്‍ന്ന് മുന്‍ കാമുകിയായിരുന്ന സയീദ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.

യുവാവിന്റെ വിവാഹജീവിതം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ദന്തഡോക്ടര്‍ ആക്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു. സയീദ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ക്ലിനിക്കിലേക്ക് വരുന്നതിനിടെ അപകടം സംഭവിച്ചതാണെന്ന് അധികൃതരോട് പറഞ്ഞു. എന്നാല്‍, യുവാവ് സയീദ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് പോലീസിന് മൊഴി നല്‍കി.

യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സയീദയെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. തന്നെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിലുള്ള പക മൂലമാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് സയീദ പോലീസിനോട് സമ്മതിച്ചു. ഇത് നേരത്തെ ആലോചിച്ച് ഉറപ്പിച്ച് ചെയ്തതാണെന്നും സയീദ മൊഴി നല്‍കി. ആക്രമണത്തിന് ശേഷം യുവാവിന്റെ മാനസിക നില തകരുകയും വിവാഹജീവിതം താറുമാറുകയും ചെയ്തു. സയീദ തന്നെയാണ് കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.

SHARE