കോവിഡ് ഭയം; മൂന്നു വയസ്സുകാരി മകളെ തോളിലേറ്റി അമ്മ നടക്കുന്നത് 900 കിലോമീറ്റര്‍

ഇന്ന് മാതൃദിനമാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന വരുന്ന വാര്‍ത്ത വേദനിപ്പിക്കുന്നതിനോടൊപ്പം മാതൃസ്‌നേഹത്തിന് അളവുകോല്‍ ഇല്ലെന്ന് മനസ്സിലാക്കി തരുന്നതാണ്. ഉത്തര്‍ പ്രദേശിലെ അമേഠിയിലേക്ക് മൂന്ന് വയസ്സുകാരി മകളെയും തോളിലേറ്റി ഒരു അമ്മ നടക്കുകയാണ്. ചെറിയ ദൂരമല്ല, 900 കിലോമീറ്റര്‍. ലക്ഷ്യം ഒന്നുമാത്രമാണ് കോവിഡില്‍ നിന്ന് എന്തു ത്യാഗം സഹിച്ചും കുഞ്ഞു മകളെ രക്ഷിക്കണം.

അമേഠിയിലെ ജഗദീശ്പുര്‍ സ്വദേശിനിയായ രുക്‌സാനയാണ് മകളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഈ പ്രയത്‌നം നടത്തുന്നത്. രുക്‌സാനയും ഭര്‍ത്താവും നാലു വര്‍ഷമായി ഇന്‍ഡോറിലാണ്. ഭര്‍ത്താവ് അക്വിബ് ഒരു ഹോട്ടലില്‍ വെയിറ്ററാണ്. രുക്‌സാന വീട്ടു ജോലിക്കു പോകും. അങ്ങനെ ഒരു മാസം രണ്ടു പേരും കൂടി 9000 രൂപയുണ്ടാക്കും. ഇതില്‍നിന്ന് 3000 രൂപ രുക്‌സാന ബാങ്കിലിടും മകളെ പഠിപ്പിക്കാന്‍. തനിക്ക് പഠിക്കാന്‍ ഭാഗ്യമുണ്ടായില്ല. മകളെയെങ്കിലും പഠിപ്പിച്ച് നല്ല നിലയിലാക്കണം എന്നാണ് രുക്‌സാനയുടെ ആഗ്രഹം.

ഇന്‍ഡോറില്‍ കോവിഡ് പടര്‍ന്നു പിടിക്കുകയും ലോക്ഡൗണ്‍ അനന്തമായി നീളുകയും ചെയ്തതോടെ രുക്‌സാനയ്ക്ക് നാട്ടിലേക്കു പോയാല്‍ മതി എന്നായി. ഭര്‍ത്താവ് ഒപ്പം വരുന്നില്ല. ഇന്‍ഡോറില്‍ എന്തെങ്കിലും പണി കിട്ടുമെന്ന പ്രതീക്ഷയില്‍ അവിടെ തങ്ങുകയാണ്. ബന്ധുക്കളും പരിചയക്കാരുമായി എട്ടു പേര്‍ അമേഠി വരെ നടക്കാന്‍ തീരുമാനിച്ചതോടെ രുക്‌സാനയും മകളെ എടുത്ത് ഒപ്പം ഇറങ്ങി. പക്ഷേ അതികഠിനമായ ഈ യാത്ര എന്ന് ലക്ഷ്യം കാണുമെന്ന് അറിയില്ല.

SHARE