‘കളിക്കപ്പുറം ബഹുമാനമാണ്’; അവാര്‍ഡ്ദാന ചടങ്ങില്‍ ലൂക്കാ മോഡ്രിച്ച്

ആറാം തവണയും മെസി ബാലണ്‍ദ്യോര്‍ നേടിയിരിക്കുന്നു. 2018 ല്‍ ബാലണ്‍ദ്യോര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന മെസി 2019 ല്‍ പുതുചരിത്രം തീര്‍ത്തപ്പോള്‍ പ്രതികരണവുമായി നിരവധി താരങ്ങളാണ് വന്നിരിക്കുന്നത്. അതില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ലൂക്കാ മോഡ്രിച്ചിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ട്വിറ്ററിലാണ് തന്റെ അഭിപ്രായം മോഡ്രിച്ച് രേഖപ്പെടുത്തിയത്. ‘കളിയിലോ ഫുട്‌ബോളിലോ ആര് ജയിക്കുന്നു എന്നത് മാത്രമല്ല, നമ്മള്‍ നമ്മുടെ സഹതാരങ്ങളെയും എതിരാളികളെയും എങ്ങനെ ബഹുമാനിക്കുന്നു എന്നതാണ് കാര്യം’. അവാര്‍ഡ് ദാന ചടങ്ങില്‍ മെസിക്ക് ബാലണ്‍ദ്യോര്‍ കൈമാറുന്ന ചിത്രം സഹിതമുള്ള ട്വീറ്റാണ് മോഡ്രിച്ച് പങ്കുവെച്ചത്.

ഫിഫയും ബാലണ്‍ദ്യോറും വഴിപിരിഞ്ഞ ശേഷം നടക്കുന്ന നാലാമത്തെ പുരസ്‌കാര പ്രഖ്യാപന ചടങ്ങാണ് ഇത്തവണ നടന്നത്. 2016 മുതലാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാരം വേറെ തന്നെ നല്‍കിവരുന്നത്. 2016, 2017 വര്‍ഷങ്ങളില്‍ യുവെന്റസിന്റെ പോര്‍ച്ചുഗള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കായിരുന്നു പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചാണ് പുരസ്‌കാരം നേടിയത്.
വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ മേഗന്‍ റാപ്പിനോയാണ് ഈ വര്‍ഷത്തെ ബാലണ്‍ദ്യോര്‍ നേടിയത്. അമേരിക്കയുടെ വനിതാ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു റാപ്പിനോ. ലോകമെമ്പാടുമുള്ള 180ഓളം വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാര നിര്‍ണയം.

SHARE