പശ്ചിമബംഗാളില്‍ പശുക്കടത്താരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നു

കൊല്‍ക്കത്ത: പശുക്കടത്ത് ആരോപിച്ച് രാജ്യത്ത് വീണ്ടും കൊലപാതകം. പശ്ചിമ ബംഗാളിലെ മതാബംഗയിലാണ് പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നത്. റബീഉല്‍ ഇസ് ലാം, പ്രകാശ് ദാസ് എന്നിവരെയാണ് കുച്ച് ബിഹാറിനു 14 കിലോമീറ്റര്‍ അകലെ പുതിമാലി ഫോലേശ്വരി വില്ലേജില്‍ വ്യാഴാഴ്ച ഒരുസംഘം തല്ലിക്കൊന്നത്.

പശുവിനെയും കൊണ്ട് പിക് അപ്പ് വാനില്‍ പോവുകയായിരുന്ന ഇരുവരെയും ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വാഹനത്തിന് നമ്പര്‍ പ്ലേറ്റില്ലെന്നു പറഞ്ഞ് സംഘം ഇരുവരേയും ആക്രമിച്ച് പശുക്കളെ പിടിച്ചെടുത്ത ശേഷം വാഹനത്തിന് തീയിടുകയായിരുന്നു. പശുക്കളെ ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുനിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ 13 പേരെ പോലിസ് അറസ്റ്റ് ചെയ്തു.

SHARE