ഭാഗ്യമില്ല വെംഗറിന്, ഇനി മടക്കം

മാഡ്രിഡ്: യൂറോപ്പ കപ്പ് കിരീടവുമായി രാജകീയ വിടവാങ്ങലിനൊരുങ്ങിയ ആഴ്‌സണല്‍ കോച്ച് ആഴ്‌സന്‍ വെംഗറിന്റെ മോഹങ്ങള്‍ക്കു മേല്‍ ഡീഗോ കോസ്റ്റ പറന്നിറങ്ങിയപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗ് ഫൈനല്‍ പ്രവേശം നേടി. യൂറോപ്പ കപ്പിന്റെ രണ്ടാം പാദത്തില്‍ 1-0നായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജയം. ഇരു പാദങ്ങളിലായി 2-1ന്റെ ജയവുമായി അത്‌ലറ്റിക്കോ ഫൈനലിലേക്ക് അര്‍ഹത നേടി. പ്രതിരോധ നിരക്കാര്‍ക്ക് ദുസ്വപ്‌നം സമ്മാനിച്ചു കൊണ്ടാണ് കോസ്റ്റ ഗണ്ണേഴ്‌സ് വലയില്‍ ഗോള്‍ അടിച്ചു കേറ്റിയത്. തോല്‍വിയോടെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആഴ്‌സണലിന് ചാമ്പ്യന്‍സ് ലീഗ് പ്രവേശം അന്യമായി. ആഭ്യന്തര നേട്ടങ്ങള്‍ നിരവധി തുന്നിചേര്‍ക്കാനുണ്ടെങ്കിലും യൂറോപ്യന്‍ ട്രോഫികള്‍ സ്വന്തമാക്കാനാവാത്ത നിരാശയോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്. തീര്‍ത്തും നിരാശനാണ് താനിന്ന്, ചില സമയങ്ങളില്‍ മത്സരങ്ങള്‍ നിങ്ങള്‍ക്കു മേല്‍ ക്രൂരമായി പെരുമാറിയേക്കാം പക്ഷേ ഈ രാത്രിയിലെ ബുദ്ധിമുട്ട് അതികഠിനമെന്നായിരുന്നു തോല്‍വിക്കു ശേഷം വെംഗറിന്റെ പ്രതികരണം. 12-ാം മിനിറ്റില്‍ ലോറന്റ് കോഷീല്‍നി പരിക്കേറ്റ് പുറത്തായത് പ്രതിരോധ നിരക്ക് കനത്ത ആഘാതമായെന്നും വെംഗര്‍ കൂട്ടിച്ചേര്‍ത്തു. കോഷീല്‍നിയുടെ ലോകകപ്പ് സാധ്യതകള്‍ക്കും മങ്ങലേറ്റിട്ടുണ്ട്. കണങ്കാലിന് പരിക്കേറ്റ ഫ്രഞ്ച് താരം ലോകകപ്പിനുണ്ടാവില്ലെന്നാണ് ലഭിക്കുന്ന വാര്‍ത്ത. അതേ സമയം ആദ്യ പാദത്തില്‍ എവേ ഗോളടക്കമുള്ള സമനിലയുമായി ലണ്ടനില്‍ നിന്ന് മടങ്ങിയ അത്‌ലറ്റിക്കോയ്ക്ക് ഗോള്‍രഹിത സമനില മതിയായിരുന്നു ഫൈനലിലേക്ക് മുന്നേറാന്‍. സ്വന്തം ഗ്രൗണ്ടിലെ മികച്ച ഡിഫന്‍സീവ് റെക്കോര്‍ഡ് വെറും സ്റ്റാറ്റ്‌സ് അല്ല എന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റേത്. ഗ്രീസമാന്റെ പാസില്‍ നിന്നും 45-ാം മിനിറ്റിലായിരുന്നു കോസ്റ്റയുടെ വിജയ ഗോള്‍. ലിയോണില്‍ നടക്കുന്ന ഫൈനലിന് യോഗ്യത നേടാന്‍ ആ ഗോള്‍ ധാരാളമായിരുന്നു അത്‌ലറ്റിക്കോയ്ക്ക്. ഇത്തരം മത്സരങ്ങളില്‍ ചരിത്രം സൃഷ്ടിക്കപ്പെടും. വലിയ മത്സരങ്ങള്‍ക്ക് വലിയ വിജയം എന്തു കൊണ്ടും ആഘോഷിക്കാവുന്നതാണെന്നായിരുന്നു മത്സര ശേഷം അത്‌ലറ്റിക്കോ കോച്ച് സിമിയോണിയുടെ പ്രതികരണം. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ വെംഗര്‍ പവലിയനിലേക്കു പിന്‍വലിയുമ്പോള്‍ അത്‌ലറ്റിക്കോയുടെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.

SHARE