കേസുകള്‍ അവസാനിപ്പിച്ചതിന് പിന്നാലെ അജിത്ത് പവാറിന് ക്ലീന്‍ചീറ്റ്

മുംബൈ: വിദര്‍ഭ ജലസേചന അഴിമതിക്കേസുകളില്‍ എന്‍.സി.പി നേതാവ് അജിത് പവാറിന് അഴിമതി വിരുദ്ധ ബ്യൂറോയുടെ (എ.സി.ബി) ക്ലീന്‍ ചിറ്റ്. അഴിമതി ആരോപിക്കപ്പെട്ട നാളുകളില്‍ മഹാരാഷ്ട്ര ജലസേചന മന്ത്രിയായിരുന്ന അജിത് പവാര്‍ ക്രിമിനല്‍ കുറ്റം ചെയ്തതിനു തെളിവില്ലെന്നാണ് 16 പേജുള്ള സത്യവാങ്മൂലത്തില്‍ എസിബി വ്യക്തമാക്കുന്നത്. നവംബര്‍ 27നാണ് എസിബി സുപ്രണ്ട് രശ്മി നന്ദേഡ്കര്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

നവംബര്‍ 23ന് രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ 26ന് വൈകിട്ട് രാജിവെക്കുകയായിരുന്നു. 25നാണ് അജിത് പവാര്‍ കൂടി ഉള്‍പ്പെട്ട എഴുപതിനായിരം കോടി രൂപയുടെ ജലസേചന അഴിമതി കേസുകളില്‍ ഒമ്പതെണ്ണം അവസാനിപ്പിച്ചതായി എ.സി.ബി അറിയിച്ചത്. എന്നാല്‍ ബിജെപിക്ക് പിന്തുണ നല്‍കിയതോടെ അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത് വിവാദമായിരുന്നു. പിന്‍വലിക്കുന്ന കേസുകളില്‍ അജിത് പവാറുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് എ.സി.ബി ഡയറക്ടര്‍ ജനറല്‍ പരംബിന്‍ സിങ് നല്‍കിയ വിശദീകരണം. എന്നാല്‍ അതിന് ശേഷം 27നാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

2018 നവംബറിലാണ് ജലസേചന അഴിമതിക്കേസില്‍ മന്ത്രിയായിരുന്ന അജിത് പവാറിനും പങ്കുണ്ടെന്ന പൊലീസ് അഴിമതി വിരുദ്ധ വിഭാഗം ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഈ സത്യവാങ്മൂലമാണ് ഇപ്പോള്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന രീതിയില്‍ തിരുത്തി നല്‍കിയിരിക്കുന്നത്. വിദര്‍ഭ ജലസേചന വികസന കോര്‍പറേഷന്‍ ഗവേണിങ് കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാതെ 2009 ല്‍ 20,000 കോടി രൂപയുടെ 38 പദ്ധതികള്‍ക്ക് നിയമം മറികടന്ന് അനുമതി നല്‍കിയെന്നായിരുന്നു പ്രധാന ആരോപണം. ടെന്‍ഡര്‍ അനുവദിക്കുന്നതില്‍ നിയവിരുദ്ധമായി മന്ത്രി ഇടപ്പെട്ടതിനു തെളിവുകളില്ലെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.