മഹാരാഷ്ട്ര ബി.ജെ.പിയില്‍ പൊട്ടിത്തെറി; നേതാക്കള്‍ എന്‍.സി.പിയിലേക്ക്

മഹാരാഷ്ട്രയില്‍ അധികാരം പിടിക്കുന്നതില്‍ താഴെപ്പോയതിനു പിന്നാലെ വീണ്ടും അടി തെറ്റി ബി.ജെ.പി. പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഗഡ്‌സെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി ചര്‍ച്ച നടത്തി. ഏക്‌നാഥ് ഗഡ്‌സേയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

ഫഡ്‌നാവിസ് സര്‍ക്കാര്‍ താഴെപ്പോയതിനു ശേഷം കടുത്ത പ്രതിസന്ധിയാണ് ബി.ജെ.പി മഹാരാഷ്ട്രയില്‍ അനുഭവിക്കുന്നത്. ഇതിന്റെ ഒന്നൊന്നായുള്ള സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ബി.ജെ.പിക്കകത്ത് നേരത്തെ തന്നെ ഏക്‌നാഥ് ഗഡ്‌സെ വിമത ശബ്ദം ഉയര്‍ത്തിയിരുന്നു. ഏക്‌നാഥ് ഗഡ്‌സെക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നില്ല. ആ സമയം മുതല്‍ അദ്ദേഹം അതൃപ്തിയിലായിരുന്നു. എന്നാല്‍ ഫഡ്‌നാവിസും ബി.ജെ.പിയും വളരെ ശക്തമായ നിലയില്‍ മഹാരാഷ്ട്രയില്‍ നിന്നിരുന്ന ആ സാഹചര്യത്തില്‍ അദ്ദേഹത്തിന് പോംവഴികളുണ്ടായിരുന്നില്ല. ഇപ്പോള്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിക്കുകയും ആ സര്‍ക്കാര്‍ മുന്നോട്ടു പോവുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം പുതിയ നീക്കവുമായി മുന്നോട്ടു പോവുന്നത്.

SHARE