മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്; മഹാരാഷ്ട്രയില്‍ നാടകീയത

മുംബൈ: മഹാരാഷ്ട്രയില്‍ നിലവിലെ സര്‍ക്കാറിന്റെ കാലാവധി ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടിയതിന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, രണ്ട് പങ്കാളികളും പുതിയ സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി തര്‍ക്കം അപരിഹാര്യമായി തുടരുന്നത്തിനിടെയാണ് രാജി.

ഭൂരിപക്ഷമുണ്ടെന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അവകാശവാദം പരിഗണിച്ച് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് വഴിയൊരുങ്ങുന്നതിനിടെയാണ് രാജി. അതേസമയം ശിവസേന നേതാവിനെ മുഖ്യമന്ത്രിയാക്കി ബിജെപി ശിവസേന സര്‍ക്കാര്‍ നിലവില്‍ വരുമെന്നാണ് സൂചനകള്‍. ഗവര്‍ണര്‍ ശിവസേനയെ ക്ഷണിക്കുമെന്ന് തന്നെയാണ് സൂചനകള്‍.

മുഖ്യമന്ത്രി പദം സംബന്ധിച്ച് 5050 അനുപാതം പാലിക്കണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി അംഗീകരിക്കാന്‍ തയാറാവാത്തതാണ് സഖ്യ സര്‍ക്കാര്‍ സംബന്ധിച്ച തര്‍ക്കം തുടരാന്‍ കാരണം. ശിവസേന നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ ബി.ജെ.പി നടത്തുന്നുണ്ട്. അതിനിടെ, മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ 5050 അനുപാതം നിലവില്ലായിരുന്നെന്ന വാദവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി. ‘ദേവേന്ദ്ര ഫഡ്‌നാവിസിനു കീഴില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ ഉടന്‍ തീരുമാനവമാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ജെ.പി ശിവസേനയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കുതിരക്കച്ചവടം ഭയന്ന് ശിവസേന എംഎല്‍മാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കര്‍ണാടക മാതൃകയില്‍ ശിവസേന അംഗങ്ങളെ ബി.ജെ.പി കൂറുമാറ്റിയേക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് നിയമസഭാ സാമാജികരെ ബാന്ദ്രയിലെ ഉദ്ദവ് താക്കറേയുടെ വസതിക്കു സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയത്. 25 ഓളം ശിവസേന അംഗങ്ങള്‍ മുഖ്യമന്ത്രി ഫഡ്‌നാവിസുമായി ബന്ധപ്പെട്ടതായി ബി.ജെ.പി നേതാക്കള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

നിയമസഭ സസ്‌പെന്‍ഡ് ചെയ്യേണ്ടി വരുന്ന അവസ്ഥക്ക് ഇടവരുത്തെന്ന് ശിവസേനാ നേതൃത്വത്തോട് കൂടുതല്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സേന. അതേസമയം കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. ശിവസേന ഇന്നലെത്തന്നെ എംഎല്‍എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

SHARE