ഭീകരവിരുദ്ധ സേനക്ക് വാങ്ങിയത് ഗുണനിലവാരമില്ലാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍

BSF Jawans patrol deserted streets of Kokrajhar as Bodo groups burst out in protest following the arrest of local MLA Pradeep brambha. The administration immediately ordered Curfew and clamed sec144 across Kokrajhar ( 300km from Guwahati) in Assam on Thursday . --- Piyal Bhattacharjee

മുംബൈ: ഭീകരാക്രമണങ്ങളെ നേരിടാനുള്ള പ്രത്യേക സേനയ്ക്ക് നല്‍കുന്ന ജാക്കറ്റിന് എ.കെ 47 തോക്കില്‍ നിന്നുള്ള ബുള്ളറ്റുകള്‍ ചെറുക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കാണ്‍പുരിലെ കമ്പനി നിര്‍മിച്ചു നല്‍കിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ് എ.കെ47 വെടിയുണ്ടകള്‍ കടന്നു പോയത്. കേന്ദ്ര സേനയ്ക്കും ജാക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയുടെ ഉല്‍പന്നങ്ങളിലാണ് പരിശോധനയില്‍ സുരക്ഷാവീഴ്ചയുണ്ടെന്നു തെളിഞ്ഞത്.

5000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കാണ് പൊലീസ് ഓര്‍ഡര്‍ നല്‍കിയത്. ഇതിനായി പതിനേഴ് കോടിയിലധികം രൂപ അനുവദിക്കുകയും ചെയ്തു. മൂന്നു വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള ജാക്കറ്റുകളില്‍ നടത്തിയ പരിശോധനകളിലാണ് വന്‍സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ചണ്ഡിഗഢ് ആസ്ഥാനമായുള്ള കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലായിരുന്നു സുരക്ഷാ പരിശോധന. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകളെ നേരിടാനുള്ള പൊലീസ് സേനയ്ക്കും മുംബൈ പൊലീസിലെ ധ്രുത കര്‍മ സേനയ്ക്കും ഭീകരാക്രമണം നേരിടാനായി രൂപീകരിച്ച സ്‌പെഷല്‍ കമാന്‍ഡോ വിഭാഗമായ ഫോഴ്‌സ് വണ്ണിനും വേണ്ടിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങിയത്.

അതേസമയം ഫൊറന്‍സിക് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാത്ത ജാക്കറ്റുകളെല്ലാം പൊലീസ് തിരിച്ചയച്ചു. പുതിയ ജാക്കറ്റുകള്‍ നിര്‍മിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവയും പരിശോധിച്ചതിനു ശേഷം മാത്രമേ കരാര്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും എഡിജിപി വി.വി.ലക്ഷ്മിനാരായണ പറഞ്ഞു. 2008 നവംബറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണ സമയത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടിരുന്നു. അന്ന് വീരമൃത്യ വരിച്ച ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗുണമേന്മയുള്ള കവചങ്ങള്‍ നിര്‍മിച്ച് നല്‍കാനുള്ള കരാര്‍ പല കമ്പനികളും ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ വെല്ലുവിളി ഏറ്റെടുത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിര്‍മിച്ച കാണ്‍പൂരിലെ കമ്പനിയുടെ ഭാഗത്ത് നിന്നാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്.