ബി.ജെ.പി-എന്‍.സി.പി സഖ്യമുണ്ടാകില്ല; അജിത് പവാറിന്റെ വാദങ്ങള്‍ തള്ളി ശരത് പവാര്‍

മുംബയ് : മഹാരാഷ്ട്രയില്‍ ബി.ജെ.പി – എന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിക്കുമെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അവകാശവാദം തള്ളി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍. അജിത് പവാറിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനാണ്. എന്‍.സി.പി ശിവസേനയ്ക്കും കോണ്‍ഗ്രസിനുമൊപ്പമാണ്. തീരുമാനമെടുത്തത് എന്‍.സി.പി ഒറ്റക്കെട്ടായെന്നും പവാര്‍ വ്യക്തമാക്കി.

ബി.ജെ.പിയുമായി സഖ്യമുഖണ്ടാക്കുമോ എന്ന ചോദ്യത്തിനു പോലും ഇവിടെ പ്രസക്തിയില്ല. കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിയതാണ്. ഒറ്റക്കെട്ടായാണ് എന്‍.സി.പി ഈ നിലപാടില്‍ എത്തിയത്. അജിത് പവാറിന്റെ ഇപ്പോഴത്തെ നിലപാട് തെറ്റിദ്ധാരണാജനകമാണ്. അത് ജനങ്ങളില്‍ ആശയക്കുഴപ്പവും മോശം കാഴ്ചപ്പാടും സൃഷ്ടിക്കുന്നതാണ്-പവാര്‍ ട്വീറ്റ് ചെയ്തു.