മാഹിയിലെ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയെ ചൊല്ലി കേരളവും പുതുച്ചേരിയും തമ്മില്‍ തര്‍ക്കം


കണ്ണൂര്‍: കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശി മെഹ്‌റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ്. പുതുച്ചേരിയുടെ കണക്കില്‍ മെഹ്‌റൂഫിന്റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം. മെഹ്‌റൂഫിന്റെ കുടുംബാംഗങ്ങളും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്.

കഴിഞ്ഞ മാസം 11ന് ആണ് മാഹി ചെറുകല്ലായി സ്വദേശി പി.മെഹ്‌റൂഫ് മരിച്ചത്. കോഴിക്കോടും കണ്ണൂരുമായി അതിര്‍ത്തി പങ്കിടുന്ന മാഹി, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമാണ്. മെഹ്‌റൂഫിന്റെ മരണം കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ആരോഗ്യവകുപ്പ് നിലപാടെടുത്തു. എന്നാല്‍ മരണം സംഭവിച്ചത് കണ്ണൂരിലായതിനാല്‍ മെഹറൂഫിന്റെ പേര് കേരളത്തിലെ കോവിഡ് മരണങ്ങളുടെ പട്ടികയിലാണ് ചേര്‍ക്കേണ്ടതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍.

കേന്ദ്ര സര്‍ക്കാര്‍ മെഹ്‌റൂഫിന്റെ പേര് കേരളത്തിന്റെ കണക്കില്‍ ചേര്‍ത്തു കഴിഞ്ഞു. മെഹ്‌റൂഫിനെ പുതുച്ചേരിയുടെ പട്ടികയില്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മാഹി അഡ്മിനിട്രേറ്ററെ സമീപിക്കുമെന്ന് മെഹ്‌റൂഫിന്റെ മകന്‍ നദീം മനോരമ ന്യൂസിനോട് പറഞ്ഞു. മെഹ്‌റൂഫിന്റെ പേര് കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

SHARE